blue
ആമസോൺ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂമൂൺ ലാൻഡർ

ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യം 2024ൽ ജപ്പാന്റെ സഹകരണത്തോടെ ആയിരിക്കുമെന്ന് അറിയുന്നു. ചന്ദ്രയാൻ 2 ന്റെ തുടർച്ചയായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കി മണ്ണിന്റെയും പാറയുടെയും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ കൊണ്ടുവരുന്ന സങ്കീർണമായ ദൗത്യമായിരിക്കും ഇത്.

ഇത് സംബന്ധിച്ച് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലൊറേഷനുമായി (ജക്‌സ) ഐ.എസ്.ആർ.ഒ പ്രാഥമിക ചർച്ച തുടങ്ങി. 2022ൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ത്യ. അതിന് ശേഷം ചന്ദ്രയാൻ 3ന്റെ ഒരുക്കങ്ങൾ ശക്തമാക്കും. ചന്ദ്രയാൻ 2ൽ ലാൻഡർ ചന്ദ്രനിൽ ഇറക്കുന്നുണ്ട്. ചന്ദ്രയാൻ 3ൽ ലാൻഡർ ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ച് പറന്നുയർന്ന് ഓർബിറ്ററിൽ ഡോക്ക് ചെയ്‌ത് തിരികെ ഭൂമിയിൽ സുരക്ഷിതമായി എത്തേണ്ടതുണ്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ ശക്തികളായ രാഷ്‌ട്രങ്ങൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഏഴ് ദൗത്യങ്ങളാണ് നടത്തുന്നത്. ഭൂമിയുടെ ഊ‌ർജ്ജപ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന ഹീലിയം 3 ഉൾപ്പെടെയുള്ള അമൂല്യ ധാതുക്കളുടെ ഖനനം മുതൽ ചന്ദ്രനിൽ മനുഷ്യ വാസത്തിന് വരെയുള്ള സാദ്ധ്യതകൾ തേടുന്ന ദൗത്യങ്ങളാണിവ. അപ്പോൾ ഇന്ത്യ പിന്നിലാകരുത് എന്ന ചിന്തയോടെയാണ് ഐ.എസ്.ആർ.ഒ ജപ്പാനൊപ്പം ചന്ദ്രയാൻ -3ന് തയ്യാറെടുക്കുന്നത്. ചൈന ചന്ദ്രന്റെ ഇരുണ്ട വശത്ത് ചാങ് 4 പേടകം ഇറക്കി മേൽക്കൈ നേടിയിരിക്കെ പ്രത്യേകിച്ചും.

വരുന്ന ചാന്ദ്ര ദൗത്യങ്ങൾ

2024ൽ അമേരിക്ക ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടിമിസ് ദൗത്യം. ഇതിനായി സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ ക്രൂ മൊഡ്യൂളും നിർമ്മാണ ദിശയിലാണ്.

2024ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ ആമസോൺ സി.ഇ.ഒ ജഫ് ബെസോസും രംഗത്തുണ്ട്. അദ്ദേഹത്തിന്റെ ഏറോ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ 'ബ്ലൂ മൂൺ' എന്ന ലാൻഡർ നിർമ്മിക്കുന്നു.

ചന്ദ്രനിൽ റോബോട്ടിക് കോളനിക്ക് തുടക്കമിടാൻ റഷ്യയുടെ ലൂണ 25, 26 ദൗത്യങ്ങൾ

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് മണ്ണും പാറയും കൊണ്ടു വരാൻ ചൈനയുടെ ചാങ് 5 ദൗത്യം ഈ വർഷം അവസാനം. തുടർന്ന് ചാങ് 7, 8 ദൗത്യങ്ങളും ചന്ദ്രനിൽ റോബോട്ടിക് റിസർച്ച് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ദൗത്യവും