bbc-kerala-wedding

കല്യാണം കഴിക്കുന്നതിനേക്കാൾ നമ്മുടെ യുവജനതയ്‌ക്ക് ഇപ്പോൾ താൽപര്യം കല്യാണ വീഡിയോയും ആൽബവുമൊക്കെ ഒരുക്കുന്നതിലാണ്. എങ്ങനെ ഏതുതരത്തിൽ അവ വ്യത്യസ്‌തമാക്കാം എന്ന ചിന്തയിലാണ് നമ്മുടെ യുവമിഥുനങ്ങൾ. ഇപ്പോഴിതാ സാക്ഷാൽ ബി.ബി.സിയ്‌ക്കു പോലും അത്ഭുതമായിരിക്കുകയാണ് അത്തരത്തിലൊരു 'കേരള വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്'.

ആലപ്പുഴ സ്വദേശികളായ അഭിജിത്തും നയനയുമാണ് ഫോട്ടോ ഷൂട്ടിലെ നായകനും നായികയും. ഫോട്ടോഗ്രാഫറുടെ തന്നെ ഉദ്യാനത്തിലെ കുളത്തിൽ സെറ്റിട്ടാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. എട്ട് മണിക്കൂറിലധികം വേണ്ടി വന്ന ഒരൊറ്റ സീനിനു മാത്രം ഒരു ലക്ഷം രൂപയാണ് ചിലവായത്. ഇത്രയധികം കാശ് മുടക്കി ചിത്രീകരണം നടത്തുന്നതിനെ പലരും എതിർത്തിരുന്നുവെന്ന് നയന പറയുന്നു. എന്നാൽ വിവാഹ വീഡിയോ എങ്ങനെ വ്യത്യസ്‌തമാക്കാം എന്നതാണ് തങ്ങൾ ആലോചിച്ചതെന്ന് നയനയും അഭിജിത്തും വ്യക്തമാക്കി.

ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ഒരുപാടു പേരുടെ വിവാഹ വീഡിയോകളും ആൽബവും കണ്ടിരുന്നു. കുറച്ച് സാഹസികവും കൂടി ആയിരിക്കണമെന്ന ആഗ്രഹത്തിലാണ് ഇത്തരം ഒരു വീഡിയോ ഒരുക്കിയതെന്ന് ഇരുവരും പറഞ്ഞു. 26കാരനായ അഭിജിത്ത് ഒരു സ്പൈസസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 23കാരിയായ നയന നഴ്‌സാണ്. ഇരുവരുടെയും അറേഞ്ച്‌ഡ് മാര്യേജ് ആണ്. കാശ് ഒരു പ്രശ്‌നമല്ലായിരുന്നുവെങ്കിൽ വിദേശരാജ്യങ്ങളിലൊക്കെ പോയി ഷൂട്ട് ചെയ്യാനായിരുന്നു ആഗ്രഹമെന്നും നയന കൂട്ടിച്ചേർത്തു.