കേരള അഡ്മിനിസട്രേറ്റീവ് സർവീസിൽ ഏറെ ഒച്ചപ്പാടിനും ചർച്ചകൾക്കുമൊടുവിൽ ഇപ്പോൾ മൂന്ന് തലങ്ങളിലും സംവരണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിൽ വളരെയധികം സന്തോഷം. സർക്കാരിന് അഭിനന്ദനങ്ങൾ. കേരളത്തിൽ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ചപ്പോൾ അതിലും സാമൂഹ്യനീതിക്കുവേണ്ടി പിന്നാക്കക്കാരൻ യാചിക്കേണ്ടിവരുന്ന ഗതികേടിന്റെ, നെറികേടിന്റെ, വഞ്ചനയുടെ ജനാധിപത്യത്തെ എങ്ങനെ വിശ്വസിക്കണം. ജനാധിപത്യമെന്നാൽ തുല്യനീതിയും സ്ഥിതിസമത്വവുമാണ്.
സ്വാതന്ത്ര്യത്തിന്റെ 72 സംവത്സരങ്ങൾ പിന്നിടുമ്പോഴും എവിടെയാണ് തുല്യനീതിയും സ്ഥിതിസമത്വവും ? കൈയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന ജനാധിപത്യമാണിപ്പോഴുള്ളത്. ഉള്ളവൻ വീണ്ടും ഉള്ളവനായും ഇല്ലാത്തവൻ വീണ്ടും ഇല്ലാത്തവനാവുകയും ചെയ്യുന്ന ഈ വ്യവസ്ഥിതികളുടെ പേരാണോ ജനാധിപത്യം. പിന്നാക്കക്കാരന്റെയും ദളിതന്റെയും രക്തം വിയർപ്പാക്കി സ്വരുക്കൂട്ടുന്ന ഓരോ നാണയത്തുട്ടും അവനറിയാതെ സമ്പന്നവിഭാഗത്തിന്റെ കൈകളിലെത്തുന്ന നയരൂപീകരണത്തിന്റെ പേരാണോ ജനാധിപത്യം? ലക്ഷക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയും സർക്കാർ ഭൂമിയും തോട്ടങ്ങളും കൈവശം വച്ച് അനുഭവിക്കുന്നവന്റെ മുന്നിലൂടെ കുടിലു കെട്ടാൻ ഒരുതുണ്ടു ഭൂമി തേടി സമരം ചെയ്യുന്ന പിന്നാക്കക്കാരനെയും പട്ടികജാതി ദളിത് വിഭാഗത്തെയും നിലത്തിട്ടു ചവിട്ടുന്നു. അധികാരത്തിന്റെ അടയാളമായ ലാടം വെച്ച ബൂട്ടിന്റെ അടിയിൽ ഞെരിഞ്ഞമരുന്നവന്റെ ജീവിതത്തിന്റെ പേരാണോ ജനാധിപത്യം. പിന്നാക്കക്കാരനും ദളിതനും മക്കളെ പഠിപ്പിക്കാൻ നിവൃത്തിയില്ലാത്ത പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് കൂലിപ്പണിയിലേക്ക് തിരിയുന്നു. അവന്റെ തലച്ചോറിലേക്ക് പ്രത്യയശാസ്ത്രത്തിന്റെയും നയവൈകല്യത്തിന്റെയും അന്തർധാരയുടെയും വിജ്ഞാനകോശം തുറന്നുവെച്ചിട്ട് സ്വന്തം മക്കളെ സ്വദേശത്തും വിദേശത്തുമുള്ള പഞ്ചനക്ഷത്ര സൗകര്യമുള്ള കലാലയങ്ങളിൽ പഠിപ്പിക്കാൻ വിടുന്നവന്റെ നാവിൽനിന്നും വീഴുന്ന മൊഴിമുത്താണോ ജനാധിപത്യം.
ഇവിടുത്തെ ഭൂമിയും വ്യവസായവും സമ്പത്തും അധികാരവുമെല്ലാം സവർണരുടെയും, ന്യൂനപക്ഷങ്ങളുടെയും കൈപ്പിടിയിലമർന്നു. അത് നിലനിറുത്താൻ രാഷ്ട്രീയാധികാരം ഉപയോഗിച്ച് ഭരണത്തിന്റെ അകത്തളങ്ങളിൽ പ്രവേശിച്ച് മുഖ്യാധാരാ രാഷ്ട്രീയപാർട്ടികളെ ഹൈജാക്ക് ചെയ്യുന്നു. ഇരുമുന്നണികളും അതിന് കൂട്ടുനിൽക്കേണ്ടി വരുന്ന ഗതികേടിലാണ്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ന്യൂനപക്ഷ സംരക്ഷണമെന്ന ചട്ടത്തിലൂടെ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സർക്കാരിന് കൈമോശം വന്നിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിൽ ന്യൂനപക്ഷത്തെ കണ്ടെത്താൻ ഒരു ശ്രമം നടത്തിയാൽ ഇവിടുത്തെ ന്യൂനപക്ഷമെന്നു പറയുന്നത് പിന്നാക്കജാതിയും ദളിതനും ആയിരിക്കും. ന്യൂനപക്ഷ സമുദായം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 45 ശതമാനത്തോളം വരും.
അവഗണിക്കപ്പെടുന്ന പിന്നാക്കവിഭാഗം ന്യൂനപക്ഷത്തിനും സവർണവിഭാഗത്തിനുമിടയിൽ ശ്വാസംമുട്ടുന്നു. രാജഭരണകാലത്ത് തിരുവാതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ പരദേശി ബ്രാഹ്മണരാണ് ജോലി ചെയ്തിരുന്നതെങ്കിൽ അതിനെതിരായി സർക്കാർ ജോലിയിൽ മലയാളികളായവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1891ൽ മലയാളി മോമ്മോറിയൽ കൊടുത്തു. അന്നും പിന്നാക്ക വിഭാഗം വഞ്ചിക്കപ്പെട്ടു. തദ്ദേശീയരായ സവർണനെ രാജാവ് ജോലിക്ക് നിയമിച്ചു. മലയാളികളായ ഈഴവരെ ജോലിക്ക് എടുക്കണമെന്നാവശ്യപ്പെട്ട് പിന്നീട് 1896- ൽ ഈഴവ മെമ്മോറിയൽ കൊടുക്കാനുണ്ടായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
സവർണവിഭാഗത്തിന് ആവിശ്യത്തിലധികം പ്രാതിനിധ്യമുള്ളപ്പോൾ തന്നെ മുന്നാക്കവിഭാഗ സംരക്ഷണത്തിനായി വകുപ്പും ചട്ടവും നിലവിൽ വന്നു. അതിന്റെ അടിസ്ഥാനത്തിൽ മുന്നാക്കവിഭാഗ വികസന കോർപ്പറേഷൻ രൂപീകരിക്കുകയും അതിന് ക്യാബിനറ്റ് റാങ്കിൽ ചെയർമാൻ പദവിയും. കൂടാതെ 96 ശതമാനം ജീവനക്കാർ മുന്നാക്കകാരായിട്ടുള്ള ദേവസ്വം ബോർഡിൽ വീണ്ടും 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുകയും ചെയ്തു. ഫലത്തിൽ രാജഭരണകാലത്തും ജനാധിപത്യത്തിന്റെ സുവർണകാലഘട്ടത്തിലും പിന്നാക്കകാരനും ദളിതനും കളിക്കളത്തിന് പുറത്തുതന്നെ. കളിക്കളത്തിൽ സവർണനും ന്യൂനപക്ഷവും ഒത്തുകളിക്കുന്നു.
ഇതിന് സമൂലമായൊരു മാറ്റം ഉണ്ടാകണം. എല്ലാ മേഖലയിലും പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിൽ പിന്നാക്കകാരനും ദളിതനും സംരക്ഷണം ലഭിക്കാനാശ്യമായ ചട്ടങ്ങളും നിയമങ്ങളുമുണ്ടാവണം. പിന്നാക്കാഭിമുഖ്യമുള്ള രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളുമുണ്ടാവണം. അതിനു വേണ്ടത് പിന്നാക്ക/ദളിത്/ആദിവാസി സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയാണ്. ഇല്ലെങ്കിൽ നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭയാനകമായ വ്യവസ്ഥതിയിലേയ്ക്ക് നാം എടുത്തെറിയപ്പെടും. ആ ദൗത്യത്തിനായി നമുക്ക് ഒത്തുചേരാം. വിജയം സുനിശ്ചിതം.