ഒന്നരനൂറ്റാണ്ടിന്റെ ഈടുറ്റതും അസൂയാർഹവുമായ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കലാലയമായ യൂണിവേഴ്സിറ്റി കോളേജിനെ ചില നിർഭാഗ്യകരമായ സംഭവങ്ങളുടെ പേരിൽ കരിതേച്ചു കാണിക്കാനുള്ള സംഘടിതശ്രമം നടക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാർത്ഥി രാഷ്ട്രീയവും ആകെ മോശമാണെന്ന് വരുത്തിത്തീർക്കുന്നതിൽ ചില ലക്ഷ്യങ്ങളുണ്ട്. പ്രതിലോമകരമായ വിദ്യാഭ്യാസനയങ്ങൾക്ക് എതിരെയുള്ള ഉജ്ജ്വലപോരാട്ടങ്ങളുടെ ഊർജസ്രോതസായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. കേരളത്തിന്റെ വിദ്യാഭ്യാസമേഖല സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെ സമ്പൂർണ ആധിപത്യത്തിലേക്ക് മാറ്റണമെങ്കിൽ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുന്ന വിദ്യാർത്ഥിരാഷ്ട്രീയത്തെ ഇല്ലാതാക്കണം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മോശപ്പെടുത്തണം. ഇതിന്റെ ഭാഗമായി ഉയരുന്ന വാദമാണ് യൂണിവേഴ്സിറ്റി കോളേജിനെ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോളേജിൽ അന്യജില്ലകളിൽ നിന്നുപോലും വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്നുണ്ട്. 23 ഡിപ്പാർട്ട്മെന്റുകളിലായി 3218 വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ടായിരത്തിലധികം പെൺകുട്ടികളാണ്. കേരളത്തിലെ മറ്റൊരു കോളേജിനും അവകാശപ്പെടാൻ കഴിയാത്തത്ര ഉയർന്നതാണ് പഠനമികവിന്റെ ഗ്രാഫ്. കലാ-കായിക രംഗത്തും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കോളേജിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക -സേവന രംഗത്തെ കോളേജിന്റെ ഇടപെടലുകൾ മാദ്ധ്യമങ്ങൾ മറച്ചുപിടിക്കുകയാണ്. കാൻസർ സെന്ററിലും, മെഡിക്കൽ കോളേജിലും എത്തുന്ന രോഗികൾക്ക് രക്തം ആവശ്യമുള്ളപ്പോൾ ആദ്യം സമീപിക്കുന്നത് യൂണിവേഴ്സിറ്റി കോളേജിനെയാണ്. പ്രളയദുരന്തകാലത്ത് അഞ്ചുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികളും പണവും ശേഖരിച്ച് ദുരിതബാധിതർക്ക് നൽകിയതും മാധ്യമങ്ങൾ കണ്ടില്ല.
കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന തെറ്റായ പല പ്രവൃത്തികളും തിരുത്തപ്പെടുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും പൊതുസമൂഹത്തിന്റെയും ക്രിയാത്മകമായ ഇടപെടലിന്റെ ഫലമായാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നത് കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കാനേ സഹായിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് വിദ്യാർത്ഥി രാഷ്ട്രീയം അപകടമാണെന്ന ബോധം സമൂഹത്തിൽ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. തെറ്റുകളും, കുറവുകളും ചൂണ്ടിക്കാണിക്കുന്നതും, അത് വിമർശനപരമായി പരിശോധിക്കുന്നതും മനസിലാക്കാം. എന്നാൽ അതിന്റെ പേരിൽ ഒരു കലാലയത്തെയും, അത് പ്രതിനിധാനം ചെയ്യുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തെയും പ്രസ്ഥാനത്തെയും തകർത്തേ പിന്മാറൂ എന്ന ദുശാഠ്യം അംഗീകരിക്കാനാവില്ല.
മനുഷ്യന്റെ യഥാർത്ഥ നിലവിളികളെ തമസ്ക്കരിക്കുകയും കൃത്രിമമായി സൃഷ്ടിക്കുന്ന നിലവിളികളെ ഉച്ചത്തിൽ കേൾപ്പിക്കുകയും ചെയ്യാനുള്ള കഴിവ് ചില മാദ്ധ്യമങ്ങൾക്കുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിവേഴ്സിറ്റി കോളജിൽ ഇപ്പോൾ കാണുന്നത്. ഭരണകക്ഷിക്കെതിരെ ജനങ്ങളെ തിരിച്ചുവിടാൻ കിട്ടുന്ന അവസരം മുഴുവൻ ഉപയോഗിക്കുക എന്നത് പ്രതിപക്ഷം ജനാധിപത്യത്തിൽ സാധാരണ അനുവർത്തിക്കുന്ന നയമാണ്. എന്നാൽ മാദ്ധ്യമങ്ങൾ, പ്രതിപക്ഷത്തിന്റെ നിഗൂഢ താത്പര്യങ്ങൾക്ക് വശംവദരായി അമിതാവേശം കാണിക്കുന്നത് പ്രതിപക്ഷ ലക്ഷ്യങ്ങൾക്ക് കൂടി വിനയായിത്തീരും. എസ് .എഫ് .ഐ, കാമ്പസുകളുടെ വസന്തമായി മാറിയതിന്റെ അസന്തുഷ്ടിയാണ് ഇതിൽ പ്രതിഫലിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ സംബന്ധിച്ച് നടത്തിയ ദുഷ്പ്രചാരണം ജനങ്ങളിൽ ചെറിയ ഒരു വിഭാഗത്തിൽ തെറ്റിദ്ധാരണകൾ വളർത്തിയിട്ടുണ്ട്. പക്ഷേ അവരും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പിന്മാറിക്കൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ഏതാനും വിദ്യാർത്ഥികളുടെ വഴിവിട്ട പ്രവർത്തനത്തെ പർവതീകരിച്ച് പ്രശസ്തമായ ആ കലാലയത്തിന്റെ യശ്ശസിനെ മുഴുവൻ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ, നിഗൂഢലക്ഷ്യങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ടെലിവിഷൻ സ്ക്രീനുകളിലേത് വികലമായ ഷോ ആയും പ്രതിപക്ഷത്തിന്റെ പതിവ് രാഷ്ട്രീയകളിയായും സമരം ഊർദ്ധശ്വാസം വലിക്കുന്നത്.
ടെലിവിഷനിൽ പതിവായി സി.പി.എമ്മിനെ ആക്രമിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നവർ പോലും ഈ ചർച്ചകളിൽ ഭാഗഭാക്കായില്ല എന്നതു തന്നെ ഇവരുടെ വാദങ്ങൾ എത്രകണ്ട് പൊള്ളയായിരുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ്.
ഇന്നത്തെ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയമായി പല അഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷേ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക്വേണ്ടി പോരാടാൻ അവർക്ക് എസ്.എഫ്.ഐ മതി എന്നതാണ് യാഥാർത്ഥ്യം. ആ സത്യം കലാലയങ്ങൾക്ക് പുറത്തുള്ള സമൂഹത്തെ കൂടി ബോദ്ധ്യപ്പെടുത്താൻ എസ്.എഫ്.ഐ യും ഒപ്പം നിൽക്കുന്നവരും പ്രാപ്തരാകേണ്ടതുണ്ട്. അല്ലെങ്കിൽ എസ് .എഫ് .ഐ, മുഷ്ക്ക് കൊണ്ടാണ് ഈ മേധാവിത്വം സൃഷ്ടിക്കുന്നതെന്ന ദുഷ്പ്രചാരണം നടത്താൻ അവസരമാകും.
എത്രയെത്ര അദ്ധ്യാപകരാണ് കെ.എസ്.യു , എ.ബി.വി.പി, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നെറികെട്ട പ്രവർത്തനങ്ങൾ കാരണം ദുരിതം അനുഭവിച്ചിട്ടുള്ളത്. അവരിൽ ഒരാളെയെങ്കിലും ഈ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുപ്പിക്കുകയോ അവരുടെ തിക്താനുഭവങ്ങൾ ആരായുകയോ ചെയ്തിട്ടുണ്ടോ? എത്രയെത്ര അദ്ധ്യാപകരാണ് അപമാനിതരായിട്ടുള്ളത്. അവരിൽ പലരും പൊലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകിയിരുന്നവരാണ്. അവരുടെയൊന്നും കണ്ണീരിന് എന്തേ വിലയില്ലാതെ പോയി ? അതാണ് പറയുന്നത് ടെലിവിഷൻ ചർച്ചകൾ ഇടവും വലവും നോക്കാതെ മുൻകൂട്ടി തയാറാക്കിയ തിരക്കഥകളാണെന്ന്.
എസ്.എഫ്.ഐ അല്ലാത്തവരെല്ലാം മഹാവിജ്ഞാനികളും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമാണത്രേ. അപ്പോൾ അവരെയെല്ലാം കാമ്പസുകളിൽ തിരസ്കരിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പമ്പരവിഡ്ഢികളാണോ? ഒരു എസ്.എഫ്.ഐ പ്രവർത്തകനോടൊപ്പം നിങ്ങൾ കുറച്ചുനാൾ ഇടപഴകി നോക്കൂ. അപ്പോളറിയാം മറ്റ് വിദ്യാർത്ഥികളിൽ നിന്ന് അയാൾ എത്രമാത്രം വ്യത്യസ്തനാണെന്ന്. കൊച്ചുകേരളത്തിലെ കലാലയങ്ങളിൽ നിഷ്ഠൂരം വെള്ളവിരിച്ച് കിടത്തിയത് മൂന്നു ഡസനിലേറെ എസ്.എഫ്.ഐയുടെ ചുണക്കുട്ടികളെയാണ്. സമാധാനത്തിന്റെ മാലാഖ ചമയുന്നവരുടെ കാപട്യം ഓർക്കുമ്പോൾ ലജ്ജകൊണ്ട് തല താഴുന്നു.
(ലേഖകൻ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയാണ്.)