ഡാന്യൂബ് നദിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുമ്പോൾ ആ കൗമാരക്കാരിയുടെ കൈകളിൽ ഒരു തുണ്ട് പേപ്പറുണ്ടായിരുന്നു, ബുഡാപെസ്‌റ്റിലെ തെരുവോരങ്ങളിൽ സ്വയം ജീവനെടുക്കുമ്പോൾ പ്രസിദ്ധനായ ആ വ്യാപാരിയും തന്റെ ചുമരിൽ എന്തോ എഴുതി വച്ചു, ലണ്ടനിൽ അമിതമായ അളവിൽ ലഹരി മരുന്ന് കഴിച്ച് സ്വയം മരണം വരിക്കുമ്പോൾ ബുദ്ധിമതിയായ ആ സ്ത്രീയും ചില വരികൾ കേട്ടുകൊണ്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഗ്ലൂമി സൺഡേ എന്ന ഹംഗേറിയൻ സൂയിസൈഡ് സോംഗിലെ വരികളായിരുന്നു ഈ മൂന്ന് പേരുടെയും അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്നത്. ഏതാണ്ട് നൂറോളം പേർ, എഴുതിയ ആൾ ഉൾപ്പെടെ, ഈ പാട്ട് കാരണം സ്വയം ജീവനൊടുക്കിയെന്നാണ് ചരിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും ദുഖഭരിതമായ ഈ ചാവുപാട്ട് തയ്യാറാക്കിയത് പിയാന വാദകനായ റെസോ സെറസ് ആയിരുന്നു. കടലുകടന്നെത്തി മലയാളി യുവത്വത്തെപ്പോലും സ്വാധീനിക്കാൻ ഈ പാട്ടിന് കഴിഞ്ഞുവെന്നതാണ് സത്യം.
ജീവനെടുക്കുന്ന ചാവുപാട്ട്
തന്റെ പ്രണയിനി ഉപേക്ഷിച്ച് പോയതിലെ മനോദുഖം മറക്കാനാണ് സെറസ് തന്റെ വിഷചഷകത്തിൽ മാന്ത്രികത ചാലിച്ച് ലോകത്തിലെ ഏറ്റവും ദുഖഭരിതമായ ഈണം തയ്യാറാക്കിയത്. ലോകമഹായുദ്ധം ഏൽപ്പിച്ച തീരാദുരിതം മറക്കാൻ തെരുവുകൾ തോറും പിയാന വായിക്കുന്ന സെറസിന്റെ ചാവുപാട്ടിന്റെ ഈണത്തിന് വരികൾ എഴുതിച്ചേർത്തത് സുഹൃത്തും കവിയുമായ ലാസ്‌ലോ ജാവറാണെന്ന് കരുതുന്നു, അതല്ല സെറസ് തന്നെയാണ് പാട്ടിന് വരികളെഴുതിയതെന്നും വാദിക്കുന്നവരുണ്ട്.തന്റെ നഷ്‌ടപ്രണയത്തിന്റെ വേദനകളാണ് ജാവർ ചാവുപാട്ടിന്റെ വരികളാക്കിയെന്ന് വാദിക്കുന്നവരുമുണ്ട്. ഈ പാട്ട് ആദ്യ രണ്ട് വർഷം ആരാലും ശ്രദ്ധിക്കാതെയാണ് കടന്ന് പോയത്. എന്നാൽ പിന്നീട് ഹംഗറിയിൽ നടന്ന പല ആത്മഹത്യയ്‌ക്കും പ്രേരണയായത് ഗ്ലൂമി സൺഡേയുടെ വരികളാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയതോടെ സംഗതി ഹിറ്റായി. തുടർന്ന് ഹംഗറിയിൽ ഈ ഗാനം നിരോധിച്ചതായി പറയപ്പെടുന്നു. വിവരം കേട്ടറിഞ്ഞ അമേരിക്കയിലെയും ബ്രിട്ടണിലെയും സംഗീത വിതരണക്കാർ ഹംഗറിയിലേക്കെത്തി. ബ്രിട്ടീഷ് നാടക ഗാന രചയിതാവായ ഡെസ്‌മണ്ട് കാർട്ടറും പ്രമുഖ ഗാനരചയിതാവായ സാം എം.ലൂയിസും ചാവുപാട്ടിന്റെ ഓരോ ഇംഗ്ലീഷ് പരിഭാഷ വീതം തയ്യാറാക്കി. പിന്നെ അനശ്വരതയിലേക്കുള്ള പ്രയാണമായിരുന്നു.
വർഷങ്ങളോളം ബി.ബി.സി നിരോധിച്ചു
ലോകമെങ്ങും കുപ്രസിദ്ധി നേടിയിരുന്നുവെങ്കിലും പാട്ടിന് ഔദ്യോഗികമായി ഒരു രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നതായി ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ കേൾക്കുന്നവർക്ക് അസ്വസ്ഥത ഉണ്ടാകുന്നുവെന്ന് ആരോപിച്ച് നാൽപ്പതുകളിൽ ബി.ബി.ബി റേഡിയോ ചാവുപാട്ട് നിരോധിച്ചു. ഗ്ലൂമി സൺഡേയുടെ ഓർക്കസ്ട്ര വേർഷൻ മാത്രം ഇനി റേഡിയോ വഴി കേൾപ്പിച്ചാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്‌തു. വർഷങ്ങൾക്കിപ്പുറം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ വിലക്ക് ബി.ബി.സി നീക്കിയതെന്നും ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
എഴുതിയ സെറസിന്റെയും കാമുകിയുടെയും ജീവനെടുത്തു
രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുടെ ലേബർ ക്യാംപിൽ നിന്നും കൊടിയ യാതനകളുടെ പാലം കടന്നവനാണ് സെറസ്. പിന്നീട് സർക്കസുകളിൽ ട്രപീസ് കളിക്കാരനായും നാടകങ്ങളിൽ വീണ വാദകനായും അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് നീക്കി. പിന്നീട് തന്റെ പ്രണയിനിയുടെ തീരാദുഖത്തിൽ ഉരുകിയപ്പോൾ സ്വന്തം വേദനകളുടെ രക്തം പേനയിൽ നിറച്ച് ജീവിതമാകുന്ന കടലാസിൽ ഗ്ലൂമി സൺഡേയുടെ വരികളെഴുതി. പാട്ട് ലോകമെമ്പാടുമുള്ള ഉന്മാദികളുടെ സിരകളിൽ ലഹരി നിറക്കാൻ തുടങ്ങിയതോടെ സെറസ് തന്റെ പഴയ കാമുകിയെത്തേടി ഇറങ്ങി. തന്റെ പൂർവ കാമുകൻ പ്രശസ്തിയുടെ കൊടുമുടികൾ കീഴടക്കിയത് അറിയാതെ അവൾ എന്നേ വിഷ ചഷകം പാനം ചെയ്‌ത് സ്വയം നാടുനീങ്ങിയിരുന്നു. ഭൂമിയിൽ നിന്നും അവസാന ശ്വാസമെടുക്കുമ്പോൾ അവളുടെ കൈകളിലുണ്ടായിരുന്നത് താൻ ജന്മം നൽകിയ ചാവുപാട്ടിന്റെ വരികളാണെന്ന സത്യം സെറസിനെ വീണ്ടും തളർത്തി. ഏകാന്തമായ വൈകുന്നേരങ്ങളിൽ വീഞ്ഞുഗ്ലാസിൽ നിറഞ്ഞ ഉന്മാദരക്തം കുടിച്ച് മടുത്തപ്പോൾ ബുഡാപെസ്‌റ്റിലെ സ്വന്തം അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി സെറസ് ചാവുപാട്ടിന്റെ വരികൾ അന്വർത്ഥമാക്കി.
'എന്റെ ഹൃദയവും ഞാനും പരസ്പരം യാത്രപറയാൻ തീരുമാനിച്ചിരിക്കുന്നു
ഇനി ചുറ്റിനും പ്രാർത്ഥനകളും മെഴുകുതിരി വെട്ടവും ഉണ്ടാകുമെന്ന് എനിക്കറിയാം
ആരും കരയരുത്, സന്തോഷത്തോടെയാണ് ഞാൻ യാത്രയായതെന്ന് നിങ്ങളറിയുക
പ്രിയപ്പെട്ടവളേ എന്റെ ദുസ്വപ്‌നങ്ങൾ നിന്നെ ഒരിക്കലും വേട്ടയാടാതിരിക്കട്ടെയെന്ന് ഞാൻ ആശിക്കുന്നു
നിന്നെ എത്രത്തോളം ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് എന്റെ ഹൃദയം വിളിച്ചുപറയും
വിരസമായ ഞായർ'
ഗ്ലൂമി സൺഡേയുടെ ഇംഗ്ലീഷ് പതിപ്പിന്റെ പൂർണരൂപം