സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ് യുവജന കമ്മിഷൻ ചെയർപേഴ്‌സണും എസ്.എഫ്.ഐ മുൻ നേതാവുമായ ചിന്താ ജെറോം. ലാൽ ജോസ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനത്തിനെതിരെ ചിന്ത ഉയർത്തിയ പരാമർശങ്ങൾ ട്രോളന്മാർക്ക് കുറച്ചു നാൾ മുമ്പു വരെ വിരുന്നായിരുന്നു. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ. കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാർ കേരളത്തിലുണ്ടോ. കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ എന്നൊക്കെയാണ് പാട്ട് കേട്ട ചിന്ത ചോദിച്ചത്.
ഇപ്പോഴിതാ കുറച്ചു നാളത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്ത പരാമർശവും നടത്തിയിരിക്കുകയാണ് ചിന്ത. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ സംഘർഷവുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിലായിരുന്നു യുവജന കമ്മിഷൻ ചെയർപേഴ്‌സന്റെ പ്രസ്‌തുത പരാമർശം. അതിൽ അമ്മയും മമ്മിയും ഉമ്മയും കൊടുത്തുവിടുന്ന പൊതിച്ചോർ എന്ന ചിന്തയുടെ പഞ്ച് ഡയലോഗാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.
ചിന്തയുടെ വാക്കുകളിങ്ങനെ-
'സഹോദരൻ അയ്യപ്പൻ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും അമ്മയും ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങൾ...'