ഹൈദരാബാദ് : രാജ്യത്താദ്യമായി സംസ്ഥാനത്തെ യുവതീ യുവാക്കൾക്ക് സ്വകാര്യമേഖലയിലുൾപ്പെടെ 75 ശതമാനം ജോലി സംവരണം ഉറപ്പാക്കി ആന്ധ്രപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ഇൻഡസ്ട്രീസ് ഫാക്ടറീസ് ആക്ട് 2019 ഇന്നലെ ആന്ധ്രപ്രദേശ് നിയമസഭ പാസാക്കി. ഇതോടെ തദ്ദേശീയർക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കയാണ് ആന്ധ്ര. വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, പൊതുസ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകൾ തുടങ്ങി എല്ലാ ബിസിനസ്, ഫാക്ടറി സംരംഭങ്ങളിലും സംവരണം നിലവിൽ വരും.
യുവാക്കൾക്ക് തൊഴിൽസംവരണം ഉറപ്പുവരുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെ തൊഴിലില്ലാത്ത 1.33 ലക്ഷം ഗ്രാമീണർക്ക് ജോലി നൽകുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി ജഗൻമോഹന്റെ ഉറപ്പ്.
മദ്ധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും യുവാക്കൾക്കായി തൊഴിൽസംവരണം ഉറപ്പുവരുത്തുന്ന പദ്ധതികൾക്കായുള്ള പ്രാരംഭ നടപടി കൈക്കൊണ്ടിട്ടുണ്ട്. യുവാക്കൾക്ക് 70 ശതമാനം സംവരണം നൽകുന്ന നിയമം രൂപീകരിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ജൂലായ് 9 ന് പ്രഖ്യാപിച്ചെങ്കിലും നിയമനിർമ്മാണം ഫലപ്രാപ്തിയിലെത്തിയില്ല.
സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്നതും അല്ലാത്തതുമായ എല്ലാ സ്വകാര്യ കമ്പനികൾക്കും നിയമം ബാധകമാണ്.
പുതിയ നിയമപ്രകാരം, ഒരു കമ്പനിക്ക് അവർക്ക് ആവശ്യമായ കഴിവുകളുള്ള യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സർക്കാരുമായി ചേർന്ന് പ്രദേശവാസികൾക്ക് പരിശീലനം നൽകാം.
പരിശീലന പദ്ധതി രൂപീകരിക്കുന്നതും പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതും സർക്കാർ ആയിരിക്കും.
ഇതോടെ ജോലിക്ക് തക്ക കഴിവില്ലെന്ന കാരണത്താൽ തദ്ദേശീയരെ ഒഴിവാക്കുന്ന കോർപറേറ്റ് രീതിക്ക് തിരശീല വീഴും.