ലണ്ടൻ: കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബോറിസ് ജോൺസൺ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബ്രെക്‌സിറ്റ് പ്രശ്നത്തിൽ രാജിവച്ച പ്രധാനമന്ത്രി തെരേസാ മേയിൽ നിന്ന് ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം ചുമതല ഏറ്റെടുക്കും.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എതിരാളിയും വിദേശകാര്യ സെക്രട്ടറിയുമായ ജറമി ഹണ്ടിനെ 45,497 വോട്ടിനാണ് ലണ്ടനിലെ മുൻ മേയറായ ബോറിസ് ജോൺസൺ തോല്പിച്ചത്. ഹണ്ടിന് 46,656 വോട്ട് കിട്ടിയപ്പോൾ ബോറിസ് ജോൺസൺ അതിന്റെ ഇരട്ടിയിലധികം (92,153) വോട്ടാണ് നേടിയത്. കൺസർവേറ്റിവ് പാർട്ടിയുടെ 1.60 ലക്ഷം അംഗങ്ങളിൽ 87.4 ശതമാനവും വോട്ട് ചെയ്‌തു. അതിൽ 66.4 ശതമാനം വോട്ടാണ് ജോൺസണ് കിട്ടിയത്. 2006ൽ ഡേവിഡ് കാമറോൺ 67.6 ശതമാനം വോട്ട് നേടിയിരുന്നു.
വിജയത്തിന് ശേഷം ജോൺസൺ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചു. ഒക്ടോബർ 31നകം പുതിയ ബ്രെക്‌സിറ്റ് കരാർ ഉണ്ടായില്ലെങ്കിൽ കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിൽ ബോറിസ് ജോൺസണെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു.