jersy-number-in-test

ജേഴ്സിയിൽ പേരും നമ്പരും

ലണ്ടൻ: ഉടൻ തുടങ്ങുന്ന ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. താരങ്ങളുടെ ജേഴ്സിയിൽ പേരും നമ്പറും ഉണ്ടാകും. ഏകദിനത്തിലും ടെസ്റ്റിലും നേരത്തെ തന്നെ പേരും നമ്പരുമുള്ള ജേഴ്സി ഉപയോഗിക്കുന്നുണ്ടെങ്കിലും ടെസ്റ്റിൽ പരമ്പരാഗത രീതിയിലുള്ള വെള്ള ജേഴ്സിയാണ് ഉപയോഗിച്ചു വന്നിരുന്നത്. പാരമ്പര്യവാദികളുടെ നെറ്റി ചുളിക്കലുകൾ കാര്യമാക്കാതെ ടെസ്റ്റിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഐ.സി.സിയുടെ നടപടികളിലെ ആദ്യ പടിയാണ് ജേഴ്സിയിലെ നമ്പരും പേരുമെന്നാണ് വിലയിരുത്തൽ.

ഇംഗ്ലണ്ട് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആഷസ് പരമ്പരയിൽ ഉപയോഗിക്കുന്ന പുതിയ ജേഴ്സിസിയുടെ ചിത്രം പുറത്തുവിട്ടു. നായകൻ ജോ റൂട്ട് തന്റെ പേരുള്ള അറുപത്തിയാറാം നമ്പർ ടെസ്റ്റ്ജേഴ്സി ധരിച്ച് നിൽക്കുന്ന ചിത്രമാണ് ട്വീറ്റിലുള്ളത്.

ഐ.സി.സി യും പേരും നമ്പറുമുള്ള ടെസ്റ്റ് ജേഴ്സിയുടെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ മോയിൻ അലിയും സ്റ്റുവർട്ട് ബ്രോഡുമാണ് ചിത്രത്തിലുള്ളത്.

അതേ സമയം ആസ്ട്രേലിയൻ ടീം പേരും നമ്പറുമുള്ള ജേഴ്സി ധരിക്കുമോയെന്ന് ഉറപ്പായിട്ടല്ല. അതേസമയം നമ്പറും പേരുമുള്ള ജേഴ്സി ടെസ്റ്റിൽ ധരിക്കുന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് ക്രിക്കറ്ര് ആരാധകർക്കും വിദഗദ്ധർക്കുമുള്ളത്. ചിലർ ഇതിനെ നല്ലതീരുമാനമെന്ന് വിശേഷിപ്പിക്കുമ്പോൾ പാരമ്പര്യവാദികൾ ഇത് അനാവശ്യമാറ്രമാണെന്നും വാദിക്കുന്നു.

ആഗസ്റ്ര് ഒന്നിനാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്ര് ആരംഭിക്കുന്നത്. നേരത്തേ പകലും രാത്രിയുമായി ടെസ്റ്ര് മത്സരങ്ങൾ സംഘടിപ്പിച്ച് ഐ.സി.സി പരീക്ഷണം തുടങ്ങിയിരുന്നു. 2015 നവംബറിൽ അഡ്‌ലെയ്ഡ് ഓവലിൽ ആസ്ട്രേലിയയും ന്യൂലസിലൻഡും തമ്മിലാണ് ആദ്യ ഡേ നൈറ്റ് ടെസ്റ്രിൽ ഏറ്രുമുട്ടിയത്. കൂടുതൽ വ്യക്തമായി കാണുന്നതിനായി ചുവന്ന പന്തുകൾക്ക് പകരം പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഡേനൈറ്റ് ടെസ്റ്റുകളിൽ ഉപയോഗിക്കുന്നത്. ഇതുവരെ 11 ഡേ നൈറ്റ് ടെസ്റ്റുകൾ നടന്നിട്ടുണ്ട്.