cartoon

ന്യൂഡൽഹി:കാശ്‌മീർ പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയങ്കർ രാജ്യസഭയിൽ അറിയിച്ചു.

കാശ്‌മീർ പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞത് പ്രതിപക്ഷം വിവാദമാക്കിയതിനെ തുടർന്നാണ് ജയശങ്കറിന്റെ വിശദീകരണം. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയിൽ നടപടികൾ തടസപ്പെട്ടു. ലോക്‌സഭയിൽ കോൺഗ്രസ് വാക്കൗട്ട് നടത്തി.

''കാശ്‌മീർ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന വാർത്ത തെറ്റാണ്. സിംല കരാറും ലാഹോർ പ്രഖ്യാപനവും അടിസ്ഥാനമാക്കി വേണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ. പാകിസ്ഥാനുമായുള്ള ഏതൊരു ചർച്ചയും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളത് ആകണം'' - ജയശങ്കർ വ്യക്തമാക്കി.

പ്രസ്‌താവനയിൽ തൃപ്‌തരാകാതെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ബഹളം വച്ചതോടെ രാജ്യസഭ രണ്ടു തവണ നിറുത്തിവച്ചു. പ്രശ്‌നങ്ങൾ ഉഭയകക്ഷി തലത്തിലാണ് പരിഹരിക്കേണ്ടതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

കാശ്മീർ പ്രശ്നത്തിൽ മോദി അമേരിക്കൻ സഹായം തേടിയത് രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ ആവശ്യപ്പെട്ടെങ്കിലും സ‌്‌പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് എം. പിമാർ വാക്കൗട്ട് നടത്തി.

ട്രംപ് ഇമ്രാൻ ഖാനോട് പറഞ്ഞത്:

'രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിയുമായി ഈ വിഷയം സംസാരിച്ചിരുന്നു.

'നിങ്ങൾക്ക് മദ്ധ്യസ്ഥത വഹിക്കാനാകുമോ' മോദി ചോദിച്ചു

'എവിടെ ' ഞാൻ ചോദിച്ചു.

'കാശ്‌മീർ. വർഷങ്ങളായി ഈ പ്രശ്നം തുടരുകയാണ്' മോദി പറഞ്ഞു.

'എനിക്ക് സഹായിക്കാനാകുമെങ്കിൽ മദ്ധ്യസ്ഥാനാകാൻ എനിക്കിഷ്ടമാണ്. എന്തു സഹായമാണ് ചെയ്യേണ്ടതെന്ന് എന്നെ അറിയിച്ചാൽ മതി.' ട്രംപ് പറഞ്ഞു.

കാര്യമില്ലെന്ന് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കബളിപ്പിച്ച് 1972സിംല കരാർ ലംഘിച്ചു. വിദേശമന്ത്രാലയത്തിന്റെ ദുർബ്ബലമായ നിഷേധക്കുറിപ്പിൽ കഴമ്പില്ല. ട്രംപിനെ മദ്ധ്യസ്ഥതയ്‌ക്ക് ക്ഷണിക്കാനുള്ള പ്രചോദനം എന്തെന്ന് പ്രധാനമന്ത്രി രാജ്യത്തോട് വെളിപ്പെടുത്തണം.

 മൂന്നാമൻ വേണ്ട

ജമ്മു കാശ്‌മീർ പ്രശ്നം പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ച വഴിയാണെന്നും മൂന്നാമതൊരാൾ ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

1972 ജൂലായ് 2ന് ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച സിംല കരാറും 1999 ലെ വാജ്‌പേയി - ഷെരീഫ് ലാഹോർ പ്രഖ്യാപനവുമാണ് പാകിസ്ഥാനുമായുള്ള എല്ലാ ചർച്ചകളുടെയും അടിസ്ഥാനം.

 2016ൽ പാക് ഭീകരർ പത്താൻകോട്ട് വ്യോമസേനാത്താവളം ആക്രമിച്ചശേഷം ഇന്ത്യ പാകിസ്ഥാനുമായി ചർച്ച നടത്തിയിട്ടില്ല. ഭീകരതയും സന്ധി സംഭാഷണവും ഒരുമിച്ചുപോകില്ലെന്ന് ഇന്ത്യ നിലപാടെടുത്തു.
2019 ഫെബ്രുവരിയിൽ പാക്ക് ചാവേർ പുൽവാമയിൽ നടത്തിയ ബോംബാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഇന്ത്യ പാക് ബന്ധം വഷളായി.
ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാകോട്ട് ഭീകര പരിശീലന ക്യാമ്പ് തകർത്ത് ഇന്ത്യ തിരിച്ചടിച്ചു.


 ക്വോട്ട്

ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചത് ഞെട്ടിച്ചു. വർഷങ്ങളായി കാശ്‌മീർ ജനത സഹിക്കുന്ന യാതനകൾക്ക്

ശാശ്വതമായ പരിഹാരമുണ്ടാവണം.

- ഇമ്രാൻഖാൻ , പാക് പ്രധാനമന്ത്രി


 ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണ് കാശ്മീർ. പരസ്പരം ചർച്ച ചെയ്യാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്യുന്നു.

-ഡൊണാൾഡ് ട്രംപിന്റെ ഓഫീസ് ട്വീറ്റ്