കൊച്ചി: വൈപ്പിൽ ഞാറയ്ക്കൽ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പാർട്ടി എം.എൽ.എ എൽദോ എബ്രഹാമിന് പരിക്ക്. എം.എൽ.ഐ യുടെ കൈ പൊലീസുകാർ തല്ലിയൊടിക്കുകയായിരുന്നു. എം.എൽ.എയ്ക്കും സി.പി.ഐ ജില്ലാ സെക്രട്ടറിയ്ക്കും അടക്കം ഏഴ് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് എൽദോ എബ്രഹാം പ്രതികരിച്ചു. ഒരു പ്രകോപനവും ഇലാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്നും നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് പൊലീസിന്റെ പ്രവർത്തനമെന്നും എൽദോ പറയുന്നു. സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
വൈപ്പിൻ സർക്കാർ കോളേജിൽ എസ്.എഫ്.ഐ മർദ്ദനത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിട്ടും പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നതിൽ പ്രതിഷേധിച്ചായിരുന്നു സി.പി.ഐയുടെ മാർച്ച്. സംഭവസമയത്ത് ഞാറയ്ക്കൽ സി.ഐ അടക്കുമുള്ള പൊലീസുകാർ സ്ഥലത്തുണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നാണ് സി.പി.ഐയുടെ പരാതി. സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിയുടെ ജില്ലാ നേതൃത്വം അടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർന്ന് ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലും ലാത്തി ചാർജിലും കലാശിച്ചത്. എറണാകുളത്ത് ഏറെനാളായി സി.പി.ഐ, സി.പി.എം സംഘർഷം നിലനിൽക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് നാളെ പ്രതിഷേധദിനം ആചരിക്കുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.