തിരുവനന്തപുരം: ഓണ വിപണിയിലേക്കായി ഹാൻടെക്‌സ് പ്രീമീയം കൈത്തറി ഉത്‌പന്നങ്ങളുടെ വൈവിദ്ധ്യവും ഗുണനിലവാരം ഏറിയതുമായ വൻശേഖരം ഒരുക്കുന്നു. 'റോയൽ" ബ്രാൻഡിൽ അവതരിപ്പിച്ച ബാലരാമപുരം ഡബിൾമുണ്ട്,​ കുത്താംപുള്ളി കളർ സാരികൾ എന്നിവ കൂടുതൽ മികവോടെ വിപണിയിലെത്തും. കണ്ണൂരിലെയും കോഴിക്കോട്ടെയും വിദഗ്ദ്ധ തൊഴിലാളികൾ നെയ്യുന്ന 'കമാൻഡോ" റെഡിമെയ്‌ഡ് ഷർട്ട് ആഗസ്‌റ്രിൽ ലഭ്യമാകും.

120ഓളം തറികളിലായി ലിനൻ,​ കോട്ടൺ തുണികളിലാണ് ഷർട്ടുകൾ നെയ്യുന്നത്. ഈ ഷർട്ടുകൾ കയറ്റുമതിയും ചെയ്യും. കുത്താംപുള്ളി സാരികളുടെ ഉത്‌പാദനം 25ൽ നിന്ന് 50 തറികളിലേക്ക് വ്യാപിപ്പിച്ചു. റോയൽ ഗോൾഡ്,​ റോയൽ സിൽവർ എന്നീ മുണ്ടുകളും കൂടുതലായി ഷോറൂമുകളിലെത്തിക്കും. മുന്തിയയിനം പരുത്തി നൂലിൽ തയ്യാറാക്കിയ റോയൽ വൈറ്ര് മുണ്ടുകളുമുണ്ട്.

സ്ത്രീകൾക്ക് എല്ലാ അവസരങ്ങളിലും ഉപയോഗിക്കാവുന്ന വിധം തയ്യാറാക്കി അവതരിപ്പിച്ച 'റോയൽ കുത്താംപുള്ളി" സാരികൾക്ക് വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. ഒറ്റമുണ്ടുകളുടെ ഉത്‌പാദനത്തിൽ പേരുകേട്ട കൊല്ലം ജില്ലയിലെ കൈത്തറികളിൽ കൂടിയതരം കോട്ടൺ നൂൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് കാവി,​ വെള്ള,​ കോടി ഒറ്റമുണ്ടുകൾ. ഡൈയിംഗിലെ ഗുണമേന്മ ഉറപ്പാക്കാൻ കളർചെയ്‌ത കോട്ടൺനൂൽ സംഘങ്ങൾക്ക് ലഭ്യമാക്കിയാണ് ഇവയുടെ ഉത്‌പാദനം.