sajeevananthan

അമ്പലവയൽ : വയനാട്ടിലെ അമ്പലവയലിൽ യുവതിയെയും ഭർത്താവിനെയും നാട്ടുകാരുടെ മുന്നിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. പാലക്കാട് താമസിക്കുന്ന തമിഴ്നാട് സ്വദേശി വെസ്റ്റ് യാക്കര നൂറായി സുനീറിനും ഭാര്യയ്‌ക്കുമാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ടിപ്പർ ഡ്രൈറായ പായികൊല്ലി സ്വദേശി സജീവാനന്ദനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഞായറാഴ്ച രാത്രി എട്ടിന് അമ്പലവയൽ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അക്രമം.
സംഭവം ഇങ്ങനെ: വയനാട് സന്ദർശിക്കാനെത്തിയ ദമ്പതികൾ അമ്പലവയലിലെ റിസോർട്ടിൽ മുറിയെടുത്തിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ അമ്പലവയൽ ടൗണിൽ ഗ്രാമീൺ ബാങ്കിന് സമീപം നിന്ന് സംസാരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രശ്‌നത്തിലിടപെട്ട സജീവാനന്ദൻ സുനീറിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് അസഭ്യം പറഞ്ഞുകൊണ്ട് യുവതിയുടെ മുഖത്തടിച്ചത്. തുടർന്ന് ദമ്പതികളെയും സജീവാനന്ദനെയും നാട്ടുകാർ അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ രണ്ടുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ പൊലീസ് വിട്ടയച്ചു.
എന്നാൽ സ്ത്രീയെ റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വ്യാപകമായി പ്രതിഷേധം ഉയർന്നത്. തുടർന്ന് സി.പി.എം അമ്പലവയൽ ബ്രാഞ്ച് കമ്മിറ്റിയും അമ്പലവയൽ വാട്സ് ആപ്പ് ഗ്രൂപ്പുമാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. സംഭവത്തിനു ശേഷം ദമ്പതികൾ സ്ഥലം വിട്ടു.

എം.സി. ജോസഫൈൻ സ്റ്റേഷനിലെത്തി

അതിനിടെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ സംഭവസ്ഥലത്തെത്തി. തുടർന്ന് അമ്പലവയൽ സ്റ്റേഷനിലെത്തി പൊലീസുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് സമീപം നടന്ന സംഭവമായിട്ടും കേസെടുക്കാതെ പ്രതിയെ വിട്ടയച്ചത് അങ്ങേയറ്റത്തെ വീഴ്ചയാണ്. ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടിയതായും ജോസഫൈൻ പറഞ്ഞു. കമ്മിഷൻ ഡയറക്ടർ വി.യു. കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.