ബംഗളൂരു: കർണാടകത്തിൽ ജനാധിപത്യത്തെ കുരുതി കൊടുത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജനതാദൾ സഖ്യസർക്കാർ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു.
105 എം.എൽ.എമാർ വിശ്വാസ പ്രമേയത്തെ എതിർത്തപ്പോൾ 99 പേർ മാത്രമാണ് അനുകൂലിച്ചത്. സർക്കാർ ആറ് വോട്ടിന് പരാജയപ്പെട്ടതായി സ്പീക്കർ കെ.ആർ. രമേശ് കുമാർ സഭയിൽ പ്രഖ്യാപിച്ചു. തുടർന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പിന്നാലെ, കുമാരസ്വാമി ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പതിന്നാല് മാസം മാത്രമാണ് കുമാരസ്വാമി സർക്കാർ നിലനിന്നത്. പതിന്നാല് ദിവസം നീണ്ട രാഷ്‌ട്രീയ നാടകമാണ് അവസാനിച്ചത്. പുതിയ സർക്കാർ രൂപീകരണ നാടകം തുടങ്ങാനും ഇതോടെ കളമൊരുങ്ങി. ബി.ജെ.പി സർക്കാരുണ്ടാക്കാൻ ബി.എസ്. യെദിയൂരപ്പയെ ഗവർണർ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേൽ ആറ് ദിവസമാണ് ചർച്ച നീണ്ടത്. പ്രമേയം വോട്ടിനിടണമെന്ന ആവർത്തിച്ചുള്ള ആവശ്യങ്ങൾ തള്ളി നീങ്ങിയ ചർച്ച ഇന്നലെ വൈകിട്ടാണ് അവസാനിപ്പിച്ചതും കുമാരസ്വാമി മറുപടി പ്രസംഗം നടത്തിയതും അവസാനം പ്രമേയം വോട്ടിനിട്ടതും. അംഗങ്ങളുടെ തല എണ്ണിയാണ് ഫലം തീരുമാനിച്ചത്. വിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ ബി.ജെ.പി അംഗങ്ങൾ യെദിയൂരപ്പയുടെ നേതൃത്വത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. സംഘർഷ സാദ്ധ്യതയെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെയും ഇന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 25 വരെ മദ്യവില്പന നിരോധിക്കുകയും ചെയ്‌തു.
പതിനാറ് കോൺഗ്രസ് - ജനതാദൾ (എസ്) എം.എൽ.എമാരുടെ രാജിയെ തുടർന്നാണ് കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായത്. വിശ്വാസ വോട്ടെടുപ്പ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കാമെന്ന് സ്‌പീക്കർ സുപ്രീംകോടതിക്ക് ഉറപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് നടന്നില്ലെങ്കിൽ രാജിവയ്ക്കുമെന്ന് സ്പീക്കർ തന്നെ ഭീഷണിമുഴക്കിയത് നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. രാജിക്കത്ത് അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്‌തു.
ഒളിച്ചോടുന്ന ആളല്ല :
കുമാരസ്വാമി
നേരത്തേ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പദവി സന്തോഷത്തോടെ ത്യജിക്കാൻ തയ്യാറാണെന്നും പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും കുമാരസ്വാമി വികാരഭരിതനായി പറഞ്ഞു. പ്രസംഗം നടത്തിയിട്ട് ഒളിച്ചോടുന്ന ആളല്ല താൻ. വോട്ടെടുപ്പ് നടക്കട്ടെ. വിശ്വാസ വോട്ടെടുപ്പ് നീട്ടാൻ താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്പീക്കറോടും ജനങ്ങളോടും മാപ്പ് ചോദിക്കുന്നതായും പറഞ്ഞു.
''പദവിയിൽ കടിച്ചു തൂങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് രാഷ്‌ട്രീയത്തിൽ താത്പര്യമില്ലായിരുന്നു. വിവാഹം കഴിച്ചപ്പോൾ ഭാര്യയുടെ ഏക ആവശ്യം ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങരുതെന്നായിരുന്നു. പക്ഷേ ഇപ്പോൾ ഭാര്യയും എന്നോടൊപ്പം ഈ സഭയിലുണ്ട്. അതാണ് വിധി"- അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് എം. എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിൽ സുപ്രീംകോടതിയുടെ തീരുമാനം വരെ വോട്ടെടുപ്പ് മാറ്റണമെന്നായിരുന്നു ഇന്നലെ സഭ സമ്മേളിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെയും ജനതാദളിന്റെയും നിലപാട്. എന്നാൽ വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് 6 മണിക്ക് പൂർത്തിയാക്കാമെന്ന് സ്പീക്കറുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചു. തുടർന്ന് എം.എൽ.എമാരുടെ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ച് ഇന്നത്തേക്ക് മാറ്റി. മന്ത്രിപദം രാജിവച്ച് ബി.ജെ.പി പക്ഷത്തേക്ക് മാറിയ കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കർ, സ്വതന്ത്രൻ നാഗേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.