1999
ഡിസംബർ 24.
വൈകുന്നേരം 4.30.
ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ പ്രൈവറ്റ് സെക്രട്ടറി ദീപക് ചോപ്രയുടെ ഓഫീസ് മുറിയിലെ ഫോൺ ബെല്ലടിച്ചു. അങ്ങേത്തലയ്ക്കൽ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ശ്യാമൾ ദത്ത. ഐ.ബി മേധാവി കൈമാറിയ വാർത്തയിൽ ദീപക് ചോപ്രയുടെ മുഖം വിളറി. ദ ടെലിഗ്രാഫ് ദിനപത്രത്തിന്റെ ഡൽഹി ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റുമുണ്ടായിരുന്നു ചോപ്രയുടെ മുറിയിൽ.
പത്രലേഖകന്റെ ചോദ്യത്തിനു മുഖംകൊടുക്കാതെ ദീപക് ചോപ്ര അദ്വാനിയുടെ മുറിയിലേക്കു പാഞ്ഞു. അല്പനേരത്തിനകം മുറിയിലെ ടിവിയിൽ ആ രഹസ്യം ബ്രേക്കിംഗ് ന്യൂസ് ആയി മിന്നി: ഇന്ത്യൻ എയർലൈൻസ് ഐ.സി 814 വിമാനം ഭീകരർ റാഞ്ചി. 171 യാത്രക്കാർ. 15 വിമാന ജീവനക്കാർ. അഞ്ച് ഭീകരർ. വിമാനം അപ്പോൾ അമൃത്സറിലെ രാജാ ഝാൻസി എയർ പോർട്ടിലുണ്ടായിരുന്നു.
വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര, നേരത്തേ ഫോൺ ചെയ്ത ഐ.ബി മേധാവി ശ്യാമൾ ദത്ത, റാ മേധാവി എ.എസ്. ദൗലത്ത്... തീരുമാനമെടുക്കേണ്ട ആരും ഒരു തീരുമാനവുമെടുത്തില്ല. ഐ.സി 814 നാല്പതു മിനിട്ടിനു ശേഷം അമൃത്സറിൽ നിന്ന് പറന്നുയർന്നു.
വിമാനറാഞ്ചലിനു പിന്നിൽ അഫ്ഗാൻ താലിബാൻ ആണെന്നായിരുന്നു തുടക്കം മുതലുള്ള ധാരണ. പിന്നെ മനസിലായി താലിബാന്റെയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും പിന്തുണയോടെ ഹർക്കത്തുൾ മുജാഹിദീൻ ഭീകരരാണ് വിമാനത്തിൽ. ഹർക്കത്തുൾ നേതാവ് മസൂദ് അസർ അന്ന് ജമ്മുകശ്മീരിൽ തടവിലാണ്.
യാത്രക്കാരെ മോചിപ്പിക്കാൻ ഭീകരർ എന്തു പ്രതിഫലം ആവശ്യപ്പെടുമെന്ന് ഇന്ത്യൻ നയതന്ത്രവിദഗ്ദ്ധർക്ക് ഒരു ഊഹവും കിട്ടിയില്ല. വിമാനത്തിനകത്ത്, ക്യാപ്റ്റൻ ദേവി ശരണിന് വേവലാതി കൂടുകയായിരുന്നു. ഇന്ധനം അതിവേഗം തീർന്നുകൊണ്ടിരിക്കുന്നു. റാഞ്ചികളുടെ നിർദ്ദേശപ്രകാരം പാകിസ്ഥാനിലെ ലാഹോർ എയർപോർട്ടുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. സമയം സന്ധ്യയായിരുന്നു.
കോക്പിറ്റിലിരുന്നാൽ ഇപ്പോൾ ലാഹോർ എയർപോർട്ട് കാണാം. ലാൻഡിംഗ് ലാംപുകളിലൊന്നു പോലുമില്ല! ഐ.സി 814 ൽ നിന്ന് എമർജൻസി ലാൻഡിംഗിന് അഭ്യർത്ഥിച്ച് സന്ദേശം ചെന്നയുടൻ അവർ ഒന്നു ചെയ്തു: എയർപോർട്ടിലെ ലാൻഡിംഗ് വിളക്കുകൾ മുഴുവൻ അണച്ചു! എമർജൻസി ലാൻഡിംഗിന് അനുമതി കിട്ടിയില്ലെങ്കിൽ റൺവേയിൽ വിമാനം ഇടിച്ചിറക്കേണ്ടിവരും. പൈലറ്റും എ.ടി.സിയും സന്ദേശങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഒരു ക്രാഷ് ലാൻഡിംഗിന്റെ വക്കത്ത്, ലാഹോർ എയർപോർട്ടിലെ ലാൻഡിംഗ് വിളക്കുകൾ വീണ്ടും തെളിഞ്ഞു. ഇന്ത്യ അപ്പോഴേക്കും പാക് ഭരണകൂടത്തിനു മുന്നിൽ രണ്ട് ആവശ്യങ്ങൾ വച്ചിരുന്നു.
ഒന്ന്: വിമാനം ലാഹോർ വിടാൻ അനുവദിക്കരുത്.
രണ്ട്: ഇസ്ളാമാബാദിൽ നിന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ ജി. പാർത്ഥസാരഥിക്ക് അടിയന്തരമായി ലാഹോറിലെത്താൻ ഒരു ഹെലികോപ്ടർ നല്കണം.
ലാഹോറിൽ നിന്ന് ഐ.സി 814 ഇന്ധനം നിറച്ചു. പാക് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനു ചുറ്റും തോക്കേന്തി കാവൽ നിന്നു. രാത്രി 10.32 ന് ലാഹോർ വിടാൻ പൈലറ്റിന് അനുമതിയും കിട്ടി. ടേക്ക് ഓഫിനു ശേഷം പത്തു മിനിട്ട് കൂടി കഴിഞ്ഞ് ഇസ്ളാമാബാദിൽ ജി. പാർത്ഥസാരഥിയുടെ ഓഫീസിൽ ഒരു ഫാക്സ് സന്ദേശമെത്തി: ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് താങ്കൾക്ക് ലാഹോറിലേക്കു പോകാൻ ഹെലികോപ്ടർ അനുവദിച്ചിരിക്കുന്നു.
1994 നവംബർ.
കോട്ട് ബൽവാൽ ജയിൽ.
ജമ്മു കശ്മീർ.
മസൂദ് അസർ ജയിലിലായിട്ട് എട്ടുമാസം പിന്നിട്ടിരുന്നു. ചോദ്യംചെയ്യലിനു നിയുക്തനായ ഐ.ബി ഓഫീസർ അവിനാശ് മെഹന്തി മസൂദ് അസറിന്റെ സെല്ലിലേക്കു ചെന്ന് ഒരു ഫോട്ടോ നീട്ടി: അറിയുമോ?
മസൂദ് ഒരു നോട്ടമേ നോക്കിയുള്ളു: ഇല്ല. അടുത്ത ചോദ്യത്തിനു മറുപടി പറയുന്നതിനു പകരം മസൂദ് അസർ പൊട്ടിച്ചിരിച്ചു: ഇനി ഒരുപാടു നാളൊന്നും എന്നെ ഇവിടെ താമസിപ്പിക്കാൻ നിങ്ങൾക്കു പറ്റില്ല സുഹൃത്തേ... എന്നെ തിരിച്ചുകിട്ടണമെന്ന പാകിസ്ഥാന്റെ ആവശ്യത്തിന് എത്ര വലുപ്പമുണ്ടെന്ന് നിങ്ങളറിയും...!
അപ്പോൾപ്പോലും ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കോ, അവർ ശേഖരിക്കുന്ന രഹസ്യങ്ങൾ വിശലകനം ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കോ പാക് ഐ.എസ്.ഐയുടെ അണിയറയിൽ ഒരു വിമാന റാഞ്ചലിന്റെ തിരക്കഥയൊരുങ്ങുന്നത് സ്വപ്നം കാണാൻ പോലും കഴിഞ്ഞില്ലെന്നത് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്ഭുതം. കാണ്ടഹാർ വിമാനറാഞ്ചലിന് കൃത്യം ഒരു മാസം മുമ്പായിരുന്നു മസൂദ് അസർ ഐ.ബി ഉദ്യോഗസ്ഥനു നല്കിയ സൂചന!
ആർക്കും ഒരു സ്വപ്നദർശനവുമുണ്ടായില്ല എന്നത് അത്ര ശരിയല്ല. കാണ്ടഹാർ വിമാനറാഞ്ചലിന് കുറച്ചു ദിവസം മുമ്പ്, അന്ന് കാഠ്മണ്ടുവിൽ ശശിഭൂഷൺ സിംഗ് തോമറിനൊപ്പം ഇന്ത്യൻ രഹസ്യാന്വേഷണ ദൗത്യത്തിലായിരുന്ന റാ ഉദ്യോഗസ്ഥൻ യു.വി സിംഗ് അദ്ദേഹത്തിന്റെ മിഷൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് എന്ന പുസ്തകത്തിൽ പിന്നീട് ആ രഹസ്യമെഴുതി.
പാകിസ്ഥാൻ ഭീകരർ ഒരു ഇന്ത്യൻ വിമാനം റാഞ്ചാൻ പദ്ധതി തയ്യാറാക്കുന്നതായി എനിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. സീനിയർ ഓഫീസർ എന്ന നിലയിൽ മിസ്റ്റർ തോമറിനെ ഞാൻ ഇക്കാര്യം അറിയിച്ചു. ആ വിവരത്തിന്റെ വിശ്വാസ്യതയിൽ സംശയം തോന്നിയിട്ടാകാം, ഒന്നു കൂടി പരിശോധിക്കാനായിരുന്നു നിർദ്ദേശം. സോഴ്സിന്റെ വിശ്വാസ്യതയിൽ എനിക്കു സംശയമുണ്ടായിരുന്നില്ല. അദ്ഭുതപ്പെടുത്തുന്നതായിരുന്നു തോമറിന്റെ പ്രതികരണം: വെറുതെ ആരെങ്കിലും പറയുന്നതു കേട്ട് ഊഹാപോഹം പ്രചരിപ്പിച്ച് പുലിവാൽ പിടിക്കേണ്ട!
പാവം ശശിഭൂഷൺ സിംഗ് തോമർ ചിന്തിച്ചതേയില്ല, യു.വി. സിംഗ് സൂചിപ്പിച്ച ആ വിമാന റാഞ്ചലിൽ താനും ഒരു കഥാപാത്രമാകുമെന്നും, താൻ വിമാനത്തിലുള്ളതുകൊണ്ടു മാത്രം ഭീകരർക്കെതിരെ ഇന്ത്യ സൈനിക നടപടിക്കു മുതിരാൻ മടിക്കുമെന്നും!
( ഭീകരർ റാഞ്ചിയ വിമാനം ഇന്ത്യ വിടുന്നത് തടയാൻ ആർക്കും ഒരു നിർദ്ദേശവും എവിടെനിന്നും എത്താതിരുന്നതിന്റെ രഹസ്യം നാളെ)