kasargode-girl

കാസർകോഡ്: ഇൻഡോനേഷ്യൻ നാവികസേനയുടെ പിടിയിലായ തന്റെ അച്ഛനെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥന നടത്തി കാസർകോട്ടെ പെൺകുട്ടി. എം.ടി എസ്.ജി പെഗസസ് എന്ന് പേരുള്ള കപ്പലിൽ കുടുങ്ങിയ തന്റെ അച്ഛൻ മൂസ കുഞ്ഞിയെ രക്ഷിക്കണമെന്നാണ് ഐഷ സാഹ എന്ന നാലാം ക്ലാസുകാരിയായ പെൺകുട്ടി പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നത്. മൂസ കുഞ്ഞി തന്നെയാണ് തന്റെ മകൾ ഇക്കാര്യം പറയുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കപ്പലിന്റെ പേരുൾപ്പെടെ പറഞ്ഞ് ഇംഗ്ളീഷിലാണ് ഐഷ തന്റെ അച്ഛന് വേണ്ടി മോദിയോട് യാചിക്കുന്നത്. എന്റെ അച്ഛനെ എനിക്ക് ഏറെ ഇഷ്ടമാണെന്നും, അദ്ദേഹത്തെ എങ്ങനെയും തിരികെ എത്തിക്കണമെന്നും ഐഷ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. തന്നെ തന്റെ മകളുടെ അടുത്തെത്താൻ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മൂസ കുഞ്ഞി ഈ വീഡിയോ ട്വിറ്ററിലിട്ടത്.

My daughter pleads for her father 🙏🙏 HELP HELP PLS RETWEET
Dear PM sir pls help me to reunite with my daughter #humanityneedsjuatice @narendramodi @MOS_MEA @PrasharSdp @DrSJaishankar @ABC @aajtak @george_TNIE @ravikikan @ndtv @BJP4India @vijayanpinarayi pic.twitter.com/524qZpb1BR

— Moosakunhi Parakatta (@MoosakunhiP) July 22, 2019

മൂന്ന് കപ്പലുകളിലായി 60 ഇന്ത്യൻ നാവികരെയാണ് ഇന്തോനേഷ്യൻ നാവികസേന പിടിച്ചുവച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഇവർ ഇന്തോനേഷ്യയുടെ കസ്റ്റഡയിലാണ്. സിംഗപ്പൂർ അഴിമുഖത്ത് നങ്കൂരമിട്ടപ്പോഴാണ് തങ്ങളെ അവിടുത്തെ നാവികസേനാ പിടികൂടിയതെന്നാണ് മൂന്ന് കപ്പലുകളിലേയും നാവികർ പറയുന്നത്. പെഗസസ്, എം.ടി വിൻ വിൻ, എം.ടി അഫ്രാ ഓക്ക് എന്നീ കപ്പലുകളിലാണ് നാവികരുള്ളത്. ഇന്തോനേഷ്യയുടെ കൈവശമുള്ള പ്രദേശത്ത് അതിക്രമിച്ചു കടന്നു എന്ന കാരണം പറഞ്ഞാണ് നാവികസേനാ കപ്പലുകൾ പിടിച്ചെടുത്തത്. അഞ്ച് മാസകാലം ഇവരെ പിടിച്ചുവച്ച ശേഷമാണ് ഇന്തോനേഷ്യൻ സേന ബിൻടണിലെ ജില്ലാ കോടതിയിൽ പരാതി നൽകിയത് . പ്രധാനമായും മൂസ കുഞ്ഞിയുള്ള എം.ടി എസ്.ജി പെഗസസിനെതിരെയാണ് ഇന്തോനേഷ്യൻ നാവികസേന കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഇന്തോനേഷ്യ തങ്ങളുടെ മോചനം മനപ്പൂർവം വൈകിക്കുകയാണെന്നാണ് ഇന്ത്യൻ നാവികർ പറയുന്നത്.