മുംബയ്: രാജ്യത്ത് എ.ടി.എം കേന്ദ്രീകരിച്ചുള്ള പണം തട്ടിപ്പുകൾ കൂടുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2017-18ൽ 911 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 2018-19ൽ ഇത് 980 ആയി ഉയർന്നു. അതേസമയം, തട്ടിപ്പുതുകയുടെ മൂല്യം 65.3 കോടി രൂപയിൽ നിന്ന് 21.4 കോടി രൂപയായി താഴ്‌ന്നത് ആശ്വാസമായി. ഒരുലക്ഷം രൂപയ്ക്കുമേൽ മൂല്യമുള്ള തട്ടിപ്പുകളുടെ റിപ്പോർട്ടാണ് റിസർവ് ബാങ്ക് തയ്യാറാക്കിയത്.
മൊത്തം 4.81 കോടി രൂപയുടെ 233 കേസുകളുമായി മഹാരാഷ്‌ട്രയാണ് എ.ടി.എം തട്ടിപ്പുകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം മുന്നിലെത്തിയത്. 2.9 കോടി രൂപയുടെ 179 കേസുകളുമായി ദേശീയ തലസ്ഥാനം ഡൽഹിയാണ് രണ്ടാമത്. 2017-18ൽ ഡൽഹിയിൽ ഉണ്ടായത് 2.8 കോടി രൂപയുടെ 132 കേസുകളായിരുന്നു. 147 കേസുകളിലായി തമിഴ്‌നാടിന് കഴിഞ്ഞവർഷം 3.63 കോടി രൂപ നഷ്‌ടപ്പെട്ടു. എ.ടി.എം തട്ടിപ്പുകളിൽ ഒന്നാംസ്ഥാനം കൈവിട്ടില്ലെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് മഹാരാഷ്‌ട്രയിൽ കേസുകളുടെ എണ്ണവും മൂല്യവും കുറഞ്ഞിട്ടുണ്ട്. 2017-18ൽ 242 കേസുകളിലായി 5.2 കോടി രൂപയുടെ തട്ടിപ്പുകളാണ് മഹാരാഷ്‌ട്ര റിപ്പോർട്ട് ചെയ്‌തത്.
എ.ടി.എം തട്ടിപ്പ് സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ഈ രംഗത്തെ മൊത്തം തട്ടിപ്പിന്റെ ചെറിയഭാഗം മാത്രമാണെന്നാണ് പൊലീസിന്റെയും സൈബർക്രൈമിന്റെയും അഭിപ്രായം. കാരണം, ഒരുലക്ഷം രൂപയ്ക്കുമേൽ മൂല്യമുള്ള തട്ടിപ്പുകൾ മാത്രമാണ് ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. എ.ടി.എം കൗണ്ടറുകളിലും പോയിന്റ് ഒഫ് സെയിൽ (പി.ഒ.എസ്) മെഷീനുകളിലും സ്‌കിമ്മറുകൾ സ്ഥാപിച്ചാണ് മിക്ക എ.ടി.എം തട്ടിപ്പുകളും നടക്കുന്നത്. ഉപഭോക്താവിന്റെ ഡെബിറ്ര് കാർഡ് നമ്പറും പിൻ നമ്പറും കോപ്പി ചെയ്യാൻ സ്‌കിമ്മറുകൾ ഉപയോഗിച്ച് കഴിയും.