കൊച്ചി: ഞാറയ്ക്കൽ സി.ഐയ്ക്കെതിരെ റേഞ്ച് ഐ .ജിയുടെ ഓഫീസിലേക്ക് നടന്ന സി.പി.ഐ മാർച്ചിൽ പരിക്കേറ്റ് ആശുപത്രിയിലായത് പാർട്ടി എം.എൽ.എ എൽദോ എബ്രഹാമാണ്. എന്നാൽ എം.എൽ.എയുടെ സുഖവിവരം തിരക്കാനായുള്ള ഫോൺ വിളികൾ വരുന്നത് കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ഫോണിലേക്കും. അടിയേറ്റത് പെരുമ്പാവൂർ എം.എൽ.എയായ കുന്നപ്പള്ളിക്കാണെന്ന് കരുതിയാണ് ആളുകൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചത്. ഫോൺവിളികളിൽ പൊറുതിമുട്ടി ഒടുവിൽ ഫേസ്‍ബുക്ക് പോസ്റ്റിലൂടെ എൽദോസ് കുന്നപ്പിള്ളി സംഭവത്തിന്റെ സത്യാവസ്ഥ അറിയിക്കുകയായിരുന്നു. പരിക്കേറ്റ എൽദോ താനല്ലെന്നും, സി.പി.ഐ എം.എൽ.എയും തന്റെ സുഹൃത്തുമായ എൽദോ എബ്രഹാമിനാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റതെന്നും കുന്നപ്പിള്ളി തന്റെ പോസ്റ്റിൽ പറയുന്നു. എൽദോയെ താൻ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടിയില്ല. സാരമായ പരിക്കുകളൊന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും താൻ നന്ദി അറിയിക്കുന്നു വെന്നും എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
വൈപ്പിൽ ഞാറയ്ക്കൽ സി.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പാർട്ടി എം.എൽ.എ എൽദോ എബ്രഹാമിന് പരിക്കേറ്റിരുന്നു. എം.എൽ.ഐ യുടെ കൈ പൊലീസുകാർ തല്ലിയൊടിക്കുകയായിരുന്നു. എം.എൽ.എയ്ക്കും സി.പി.ഐ ജില്ലാ സെക്രട്ടറിയ്ക്കും അടക്കം ഏഴ് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് എൽദോ എബ്രഹാം പ്രതികരിച്ചു. ഒരു പ്രകോപനവും ഇലാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്നും നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് പൊലീസിന്റെ പ്രവർത്തനമെന്നും എൽദോ പറയുന്നു. സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
എൽദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല,
സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്.
വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല.
സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.