youth-congress

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിനിടെ നഷ്ടം സംഭവിച്ചത് തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ക്യാന്റീൻ നടത്തുന്ന ദിലീപിനാണ്. സമരത്തിനിടെ ദിലീപിന്റെ ക്യാന്റീനിലെ പലഹാരങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈക്കലാക്കിയത്. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോൺഗ്രസുകാർ ദിലീപിന്റെ കടയിൽ നിന്നും അകത്താക്കിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് 'അണ്ണൻ തരും' എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ 'അണ്ണനെ'യൊട്ട് കണ്ടുകിട്ടിയതുമില്ല. ഇനിയും ക്യാന്റീൻ തുറന്നു വച്ചാൽ കൂടുതൽ സാധനങ്ങൾ കൈമോശം വരും എന്ന് മനസിലാക്കിയ ദിലീപ് ചായ ഉണ്ടാക്കുന്ന സമോവർ ഉൾപ്പെടെ എടുത്തുമാറ്റി കടയ്ക് ഷട്ടറിടുകയും ചെയ്തു. ഇപ്പോൾ യൂത്തന്മാർ അകത്താക്കിയ ഭക്ഷണത്തിന്റെ പൈസ തരാതെ മുങ്ങിയ 'അണ്ണനെ' തപ്പി നടക്കുകയാണ് ദിലീപ്.

രാജേഷ് കണ്ണൻ പറയുന്നത് കേൾക്കാം:

'വർധിത വീര്യത്തോടെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസുമായി സംഹാര താണ്ഡവമാടിയ യൂത്ത് കോൺഗ്രസുകാരുടെ ഊർജ്ജം എവിടെ നിന്നു വന്നെന്നറിയേണ്ടെ? അതിനു മുമ്പ് പ്രസ് ക്ലബ്ബിനു മുന്നിലെ ക്യാന്റീനിലെ നടത്തിപ്പുകാരൻ ദിലീപിന്റെ നഷ്ടം ഒന്നു കേൾക്കണം. ' 120 മോദകം, 20 ഉഴുന്നു വട,40 ചായ 'അത്രയും സാധനം കൈപ്പിടിയിൽ നിന്നു പോയപ്പോൾ തന്നെ ദിലീപിന്റെ കിളി പോയി: സമോ വർ തൂക്കി അകത്താക്കി ഷട്ടറിട്ട് ഓടി രക്ഷപ്പെട്ടു.

തുടക്കം ഇങ്ങനെയാണ്.കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് മാർച്ചിനു മുന്നാടിയായി യൂത്തൻമാർ ഒത്തു ചേർന്നത് പ്രസ് ക്ലബിനോടു ചേർന്നുള്ള ദിലീപിന്റെ ക്യാന്റീനു മുന്നിലായിരുന്നു. പിന്നെ ക്യാൻറീനിലെ അലമാരക്കുള്ളിലുണ്ടായിരുന്ന രണ്ടു കിലോ വരുന്ന 120 മോദകവും ഉഴുന്നുവടയും എങ്ങാട്ടു പോയെന്നറിയില്ല. കഴിച്ചതിന് കാശു ചോദിച്ചപ്പോൾ അത് അണ്ണൻ തരുമെന്നായിരുന്നു യൂത്തൻമാരുടെ മറുപടി. അണ്ണനെ ത്തപ്പിയ ദിലീപിന് ഫലം നിരാശ മാത്രം. തിരിഞ്ഞു യൂത്തന്മാരെ നോക്കിയപ്പോൾ എല്ലാം വെള്ളഖദറിട്ട് ഒന്നുപോലെ.

പിന്നെ കണ്ട കാഴ്ച്ച അവകാശികളെത്തേടി മോദകവും വടയും ആകാശത്ത് കൈമാറി ക്കളിക്കുന്നു ' പിന്നെയും വന്നു ചായക്കും മോദകത്തിനും ഓർഡർ' ഇതാടെ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കേണ്ട യുദ്ധം ഇവിടെ നടക്കുമെന്നു ഭയന്ന ദിലീപ് സമോവർ ചുമന്ന് അകത്താക്കി ഷട്ടറിട്ടു. ബഹളം ശമിച്ചപ്പോൾ ഊണ് കാലായി. പുറത്തേക്കു നോക്കിയപ്പോൾ കടക്കു മുന്നിൽ വീണ്ടും യൂത്തന്മാരുടെ നിര. ഇതോടെ ചോറ് നാളെ പഴഞ്ചോറാക്കിയാലും ഇവർക്ക് ചുമ്മാ കൊടുക്കില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും ഷട്ടറിട്ടു. ഇപ്പോൾ മോദകത്തിന്റെ കാശിനായി ആ അണ്ണനെ തപ്പി നടപ്പാണ് ദിലീപ്'