ലണ്ടൻ : ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരെ സന്ദർശിക്കാൻ ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷന് അനുമതി ലഭിച്ചു. ജിബ്രാൾട്ടർ ഭരണകൂടവുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ ബന്ധപ്പെടുന്നുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഹൈക്കമ്മിഷൻ പ്രതിനിധികൾ ഇന്ന് നേരിട്ടെത്തി സന്ദർശിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടൻ ഗ്രേസ് 1 എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്.
മലപ്പുറം വണ്ടൂർ സ്വദേശി സാദിഖ് അജ്മൽ, കാസർകോട് ബേക്കൽ സ്വദേശി പ്രജീഷ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഇവരുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നെങ്കിലും തിരികെ നൽകിയതോടെ വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ട്.
ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ
സ്റ്റെനാ ഇംപേരോയിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഊർജ്ജിതപ്പെടുത്തി. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാനാണ് ബ്രിട്ടന്റെ ശ്രമം. മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി കപ്പൽ കമ്പനി അധികൃതർ ജീവനക്കാരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
പിന്നിൽ ഇറാൻ വനിത
3 മലയാളികൾ അടക്കം 23 ജീവനക്കാർ ഉൾപ്പെട്ട ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപേരോ പിടിച്ചെടുത്തത് ഇറാനിയൻ വനിതയെന്ന് വെളിപ്പെടുത്തൽ. കപ്പലിലെ ചീഫ് എൻജിനിയറായ തൃപ്പൂണിത്തുറ സ്വദേശി സിജു ഷേണായിയുടെ കുടുംബമാണ് ഇക്കാര്യം പറഞ്ഞത്.
സ്റ്റെനാ ഇംപേരോയിൽ സിജു ഷേണായി ഉണ്ടെന്ന വിവരം കമ്പനിയുടെ മുംബയ് ഓഫീസിൽ നിന്നാണ് കുടുംബത്തെ അറിയിച്ചത്. '19ന് രാത്രി 11.45ഓടെയാണ് വിവരം ലഭിച്ചത്. ഒരു ഇറാനിയൻ വനിത കപ്പലിൽ ഇറങ്ങി കപ്പൽ പിടിച്ചെടുത്തു എന്നായിരുന്നു സന്ദേശം'- സിജുവിന്റെ അമ്മ ശ്യാമള ഷേണായി പറഞ്ഞു.
19 വർഷമായി ഈ മേഖലയിലുള്ള ആളാണ് സിജോ. 2016ലാണ് ബ്രിട്ടീഷ് കപ്പലായ സ്റ്റെനോ ഇംപേരോയിൽ എത്തിയത്. രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയിൽ കമ്പനി അവിടത്തെ വിവരങ്ങൾ അറിയിക്കുന്നുണ്ടെന്ന് സിജോയുടെ അച്ഛൻ വിറ്റൽ വി. ഷേണായി പറഞ്ഞു. മെസ്‌മാനായ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഇറാൻ പുറത്തുവിട്ടിരുന്നു. ജീവനക്കാർ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചൻ അടക്കമുള്ളവരെ ദൃശ്യങ്ങളിൽ കാണാം.