bjp

ബെംഗളൂരു: കുമാരസ്വാമി സർക്കാരിന്റെ പതനത്തിന് ശേഷം നിർണായക നീക്കവുമായി ബി.ജെ.പി. അതേസമയം സർക്കാരിന്റെ പതനം ജനാധിപത്യത്തിന്റ വിജയമാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു. കുമാരസ്വാമി സർക്കാരിന്റെ ദുർഭരണം കാരണം കർണാടകയിലെ ജനങ്ങൾ കഷ്ടപ്പെട്ടു. വികസനത്തിന്റെപുതിയ യുഗം ആരംഭിക്കുകയാണെന്ന് ഈ സന്ദർഭത്തിൽ ഞാനവർക്ക് ഉറപ്പു നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി കുമാരസ്വാമി രാജ്‍ഭവനിലെത്തി രാജി സമർപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും ഗവർണറെ കാണുന്നുണ്ട്. 105ൽ അംഗങ്ങൾ വിശ്വാസപ്രമേയത്തെ എതിർക്കുകയും,​ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണ മാത്രം ലഭിക്കുകയും ചെയ്തതോടെ കുമാരസ്വാമി സർക്കാർ താഴെ വീഴുകയായിരുന്നു. സംസ്ഥാനത്തെ കർഷകർക്ക് കൂടുതൽ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് താൻ ഉറപ്പു നൽകുകയാണെന്ന് വിശ്വാസവോട്ടെടുപ്പിന് ശേഷം യെദ്യൂരപ്പ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കർണ്ണാടകയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി വേഗത്തിലാക്കിയിട്ടുണ്ട്. ബി.എസ് യെദ്യൂരപ്പയെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിക്കാൻ ബി.ജെ.പി പാർലമെന്ററി ബോർഡ് അനുമതി നൽകി. തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകത്തിൻറെ ചുമതലയുള്ള ബി.ജെ.പി നേതാവ് പി മുരളീധർ റാവു വ്യക്തമാക്കി. ഏറെ ആകാംക്ഷയോടെയാണ് കേന്ദ്ര നേതൃത്വം കർണ്ണാടകയിലെ സ്ഥിതിയെ നോക്കിക്കാണുന്നത്.