കൊളംബോ: ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ ഏകദിനത്തിൽ നിന്ന് വിരമിക്കുന്നു. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ തുടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കൻ നായകൻ ദിമുക്ത് കരുണാരത്നെ അറിയിച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്രേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതേ സമയം ട്വന്റി-20യിൽ തുടർന്നും കളിച്ചേക്കുമെന്ന് 35കാരനായ മലിംഗ സൂചന നൽകി.
ടെസ്റ്രിൽ നിന്ന് 2011ൽ തന്നെ മലിംഗ വിരമിച്ചിരുന്നു. ഏകദിനത്തിൽ ശ്രീലങ്കയ്ക്കായി ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. 523 വിക്കറ്റുമായി മുത്തയ്യ മുരളീധരനും 399 വിക്കറ്റ് നേടിയ ചാമിന്ദ വാസുമാണ് മലിംഗയ്്ക്ക് മുന്നിലുള്ള താരങ്ങൾ. 225 ഏകദിനങ്ങളിൽ 335 വിക്കറ്റുകൾ മലിംഗ നേടിക്കഴിഞ്ഞു.
ഏകദിന ലോകകപ്പിൽ തുടർച്ചയായി നാലു വിക്കറ്റുകൾ വീഴ്ത്തി റെക്കാഡിട്ട താരമാണ് മലിംഗ. 2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഈ വിസ്മയ പ്രകടനം. 2007, 2011 ലോകകപ്പുകളിൽ താരം ഹാട്രിക്കും നേടി.
രണ്ട് വർഷത്തോളം ടീമിന് പുറത്തായിരുന്ന ശേഷം തിരിച്ചെത്തിയാണ് ഇത്തവണ ലോകകപ്പിൽ ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം മലിംഗ കാഴ്ചവച്ചത്.
തന്റെ ട്രേഡ്മാർക്കായ യോർക്കറുകളുമായി ഈ ലോകകപ്പിൽ പല മികച്ച ബാറ്റ്സ്മാൻമാരെയും കുഴക്കിയ മലിംഗ പ്രായമല്ല പ്രതിഭയുടെ അളവുകോൽ എന്ന് തെളിയിച്ചാണ് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയത്. ലോകകപ്പിൽ ശ്രീലങ്കയ്ക്കായി ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ താരവും മലിംഗയാണ്.