ന്യൂഡൽഹി: കർണാടകയിൽ ബി.ജെ.പി നാണംകെട്ട വിലപേശൽ നടത്തിയാണ് സർക്കാരിനെ താഴെയിറക്കിയതെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാരിനെ വീഴ്‌ത്താൻ കോടിക്കണക്കിന് കള്ളപ്പണമാണ് ബി.ജെ.പി ഒഴുകിയതെന്നും രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകത്തിലെയെന്നും വേണുഗോപാൽ പ്രതികരിച്ചു.
കേന്ദ്രസർക്കാരും ഗവർണ്ണറും മഹാരാഷ്ട്രയിലെ സംസ്ഥാനഗവർണമെന്റും ബി.ജെ.പി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്.കൂറുമാറിയ എം.എൽ.എമാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയെന്നും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുമാണ് ഈ അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് ബി.ജെ.പി കളമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിലപേശലും ബ്ലാക്ക് മെയിലിങ്ങും നടത്തിയെന്നും വേണുഗോപാൽ പറഞ്ഞു.
ഭരണപക്ഷ എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്യുകയും കച്ചവടം ' ഉറപ്പിക്കാൻ ചർച്ചനടത്തുന്നതിന്റേയും വീഡിയോ അടക്കമുള്ള തെളിവുകൾ നിയമസഭക്കു മുൻപിൽ വന്നു. ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിച്ചത്. രാഷ്ട്രീയ ധാർമ്മിക്ത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീം കോടതിയിലും തെരുവുകളിലും പോരാടി. സഖ്യസർക്കാരിനുമൊപ്പം നിലകൊണ്ട എം.എൽ.എമാരും പ്രവർത്തകരും അഭിനന്ദനർഹിക്കുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി.