sivaranjith

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം സംഘടനയിലെ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും മുൻ എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസ് കണ്ട് അമ്പരന്ന് പൊലീസ്. ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണ് പൊലീസ് കണ്ടെത്തിയത്. ആദ്യം പരീക്ഷാ ചുമതലയുള്ളവരെ കബളിപ്പിക്കാനായി എന്തെങ്കിലും ഉത്തരക്കടലാസിൽ എഴുതിയ ശേഷം, പിന്നീട് ശരിയുത്തരം തിരുകി കയറ്റാനുള്ള ശ്രമമാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. ഇംഗ്ലീഷ് സിനിമാപാട്ടുകളും പ്രണയത്തെകുറിച്ചുമാണ് ഉത്തരക്കടലാസിൽ ഉള്ളത്.

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും 16 കെട്ട് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഈ കെട്ടുകളിലൊന്ന് എസ്.എഫ്. ഐ നേതാവായ പ്രണവിന് നൽകിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രണവിന് പി.എസ്.സി പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ചതും വിവാദമുണ്ടാക്കിയിരുന്നു. ഉത്തരക്കടലാസുകൾ നേതാക്കൾ കൂട്ടത്തോടെ കടത്തിയിട്ടുണ്ടെന്ന് ഇതോടെ പൊലീസിന് വ്യക്തമായി.

ഉത്തരക്കടലാസ് വീട്ടിലേക്ക് കൊണ്ടുവന്നിട്ട് ശരിയുത്തരം എഴുതിയ കടലാസുകൾ കോളേജിലെ ജോലിക്കാരുടെ സഹായത്തോടെ കവറിലാക്കാനുള്ള ശ്രമമായിരുന്നു ഇവരുടേതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതുവരെ ഉത്തരക്കടലാസ് സംബന്ധിച്ച തിരിമറിയിൽ സർവ്വകലാശാലയോ കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല. നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറയുന്നുണ്ടെങ്കിലും ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.