red-95

ഫോണും കയ്യിൽ പിടിച്ച് സി.ഐ ഋഷികേശ് ഇതികർത്തവ്യതാമൂഢനായി ഒരു നിമിഷം നിന്നു.

''ഋഷിയേട്ടാ..."

നിമിഷ അയാളുടെ ചുമലിൽ പിടിച്ചു കുലുക്കി:

''ആരാ വിളിച്ചത്?"

ഋഷികേശ് ഞെട്ടിയുണർന്നു. ആദ്യം കാണുന്നതു പോലെ നിമിഷയെ പകച്ചു നോക്കി:

''ഏ? എന്താ ചോദിച്ചത്?"

''നമ്മുടെ കുഞ്ഞെവിടേന്ന്... അവന്റെ കാര്യം പറയാനാണോ ആരോ വിളിച്ചത്?"

''ങ്‌ഹേ?" ഫോണിലൂടെ കേട്ട ആ ശബ്ദം സി.ഐ ഓർത്തു.

അയൽക്കാർ, ഋഷികേശിന്റെ നാവിൽ നിന്നു വീഴുന്ന ശബ്ദത്തിനു കാതോർത്തു.

പക്ഷേ അയാൾ ഒന്നും പറഞ്ഞില്ല. പകരം വേഗം സൈബർ സെല്ലിലേക്കു വിളിച്ചു.

''സജീഷേ... ഇപ്പോൾ വീണ്ടും ആ ഫോണിൽ നിന്ന് എനിക്ക് കാൾ വന്നു. വേഗം ലൊക്കേഷൻ പറയൂ."

വേഗം തന്നെ സൈബർ സെൽ സി.പി.ഒ സജീഷിന്റെ മറുപടി കിട്ടി.

''സാർ.. സാറിന്റെ വീട്ടിൽ നിന്ന് കൃത്യം നൂറുമീറ്റർ... ഇപ്പോൾ ആ ഫോൺ ഓൺ ചെയ്ത നിലയിലാണ്. സാറ് നിൽക്കുന്നിടത്തുനിന്ന് ഇടത്തേക്ക് പൊയ്‌ക്കോ... സാറിന്റെ സെല്ല് ഓഫു ചെയ്യണ്ടാ... ഞാൻ ലൊക്കേഷൻ പറഞ്ഞുകൊണ്ടിരിക്കാം..."

''ശരി സജീഷേ..."

ഋഷികേശ് പെട്ടെന്ന് വീടിനുള്ളിൽ നിന്ന് ടോർച്ച് എടുത്തു. അതുമായി ഇടത്തേക്കു പാഞ്ഞു.

കൂടെ അയൽക്കാരും.

ഒപ്പം പോകാൻ ഭാവിച്ച നിമിഷയെ അയൽക്കാരായ സ്ത്രീകൾ തടഞ്ഞു:

''മോള് പോകണ്ടാ. രാത്രിയല്ലേ. അവര് കുഞ്ഞിനെ കൊണ്ടുവരും."

നിമിഷ കരഞ്ഞുകൊണ്ട് സിറ്റൗട്ടിന്റെ പടിയിൽ കുത്തിയിരുന്നു.

''സാർ... നേരെ... അവിടെ നിന്ന് വലത്തേക്ക്..."

സൈബർ വിംഗിൽ നിന്ന് സജീഷ് പറഞ്ഞുകൊണ്ടിരുന്നു.

അല്പം കൂടി മുന്നോട്ടു ചൊന്നപ്പോൾ വീണ്ടും സജീഷ് പറഞ്ഞു:

''സാർ... അവിടെത്തന്നെ."

ഋഷികേശ് നിന്നു ചുറ്റും ടോർച്ചു തെളിച്ചുനോക്കി. ഒന്നും കാണാനില്ല. അവിടെ അടയ്ക്കാമരങ്ങളിൽ പടർന്നുകയറിയിരിക്കുന്ന കുരുമുളകു വള്ളികളാണ്.

ഇടയിൽ രണ്ടടി ഉയരത്തിൽ വളർന്നുനിൽക്കുന്ന ചേമ്പുകൾ.

''ഇവിടെയെങ്ങും കാണുന്നില്ല സജീഷേ.." ഋഷികേശിന്റെ ശബ്ദം വിറച്ചു.

''ആ ഫോണിലേക്ക് സാറൊന്ന് വിളിച്ചു നോക്ക്."

കാൾ കട്ടുചെയ്തിട്ട് ഋഷികേശ് ഭാര്യയുടെ ഫോണിലേക്കു വിളിച്ചു.

നാലഞ്ചടി മുന്നിൽ ചേമ്പുകൾക്കിടയിൽ ബെൽ മുഴങ്ങുന്നതിനൊപ്പം നീല വെളിച്ചം മിന്നി.

ചേമ്പുകളെ വകഞ്ഞുമാറ്റി ഋഷികേശ് മുന്നോട്ടാഞ്ഞു.

ടോർച്ചിന്റെ വെളിച്ചം വലവീശുന്നതുപോലെ ചിതറിവീണു.

അവിടെ....

ഒരു ചേമ്പിൻ തണ്ടിനിടയിൽ ഫോൺ!

''സാർ.. അതാ...." അയൽക്കാരിൽ ഒരാൾ കൈ ചൂണ്ടി.

അപ്പോഴേക്കും ഋഷികേശും അതു കണ്ടു കഴിഞ്ഞിരുന്നു.

ഒരു തുണിപ്പൊതിക്കുള്ളിൽ പുറത്തേക്കു തള്ളിനിൽക്കുന്ന രണ്ട് കുഞ്ഞിക്കാലുകൾ!

''മോനേ..."

ഒറ്റ കുതിപ്പിൽ ഋഷികേശ് ആ തുണിപ്പൊതി ഉയർത്തി. അത് കുഞ്ഞിന്റെ ശരീരത്തിൽ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു.

ടോർച്ച് മറ്റൊരാളെ ഏൽപ്പിച്ചിട്ട് അയാൾ പെട്ടെന്ന് പൊതിയഴിച്ചു.

അനക്കമില്ലാത്ത കുഞ്ഞ്!

''മോനേ.. എടാ... കണ്ണ് തുറക്കെടാ.."

അയാൾ അവന്റെ കവിളിൽ മൃദുവായി കുലുക്കി.

കുഞ്ഞ് കണ്ണുതുറന്നില്ല. ഒരു വാടിയ സസ്യം കണക്കെ കൈകാലുകൾ തൂങ്ങിക്കിടന്നു.

''മോനേ..." അവനിലെ പ്രാണന്റെ അവസാന കണികയും പോയിട്ടും ഋഷികേശ് കുഞ്ഞിനെ നെഞ്ചോട് അടുക്കിപ്പിടിച്ചുകൊണ്ട് തിരിഞ്ഞോടി.

മറ്റുള്ളവരും...

ബൊലേറോയുടെ പിൻഡോർ തുറന്ന് സി.ഐ, കുഞ്ഞിനെ സീറ്റിൽ കിടത്തി. ശേഷം ഡ്രൈവർ സീറ്റിലേക്കു പറന്നുവീണു.

ഒന്നോ രണ്ടോ പേരും ഒപ്പം ചാടിക്കയറി.

''കുഞ്ഞിനെ കിട്ടിയോ?" എന്നു ചോദിച്ചുകൊണ്ട് നിമിഷ ഓടിയെത്തിയപ്പോഴേക്കും ബൊലേറോ വട്ടം തിരിഞ്ഞ് ഗേറ്റു കടന്നിരുന്നു...

ഹോസ്പിറ്റൽ..

കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ഋഷികേശ് ഡോക്ടറുടെ ക്യാബിനിലേക്ക് ഓടി.

അവിടത്തെ മേശയിൽ കിടത്തി.

''ഡോക്ടർ... വേഗം..."

ഡോക്ടർ, കുട്ടിയെ പരിശോധിച്ചു. അയാളുടെ മുഖം മങ്ങി.

''ആം സോറി ഇൻസ്പെക്ടർ.."

അറക്കവാൾ കൊണ്ട് തന്റെ ശരീരം രണ്ടായി പിളർക്കുന്നതുപോലെ തോന്നി ഋഷികേശിന്.

''ആ...." അലറിക്കൊണ്ട് ഋഷികേശ് കസേരയിൽ കുഴഞ്ഞുവീണു.

ഡോക്ടർ ഒപ്പം വന്നവരെ നോക്കി.

''എന്താണ് സംഭവിച്ചത്?"

അവർ കാര്യം ചുരുക്കി പറഞ്ഞു.

കുട്ടിയാണെങ്കിലും നടന്നത് കൊലപാതകമായതിനാൽ പോസ്റ്റുമോർട്ടം അനിവാര്യമായിരുന്നു....

കുഞ്ഞിനെ മോർച്ചറിയിലേക്കു മാറ്റി.

ഋഷികേശിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

അയാൾ നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കു പാഞ്ഞു.

അനന്തഭദ്രന്റെയും ബലഭദ്രന്റെയും അടുത്തേക്ക്!

(തുടരും)