student-kidnapped

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പ്ലസ്ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു. എന്നാൽ, മൂന്നുദിവസമായിട്ടും കുട്ടിയെ കണ്ടെത്താനായില്ല.

ഒൻപതാം ക്ലാസുകാരിയായ സഹോദരിയ്ക്കൊപ്പം സ്കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടിൽ ഒരുകിലോമീറ്റർ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. അബൂബക്കറിന്റെ ഒരു ബന്ധുവുമായി ഗൾഫിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടിന്റെ പേരിൽ പണം വിട്ടുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. മംഗളൂരുവിലെ കൊട്ടേഷൻ സംഘത്തിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തെക്കുറിച്ച് സൂചനലഭിച്ചതായും പ്രതികൾ മംഗളൂരുവിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു.