mran-khan-and-narendra-mo

ന്യൂഡൽഹി: ഇന്ത്യ ആണവായുധങ്ങൾ താഴെ വയ്ക്കാൻ തയ്യാറാണെങ്കിൽ പാകിസ്ഥാനും തയ്യാറാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്.'ആണവയുദ്ധം ഇരു രാജ്യങ്ങൾക്കും നല്ലതല്ല, അത് സ്വയം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്രാൻ ഖാൻ പറഞ്ഞു.

കാശ്മീർ വിഷയത്തെപ്പറ്റിയും ഇമ്രാൻ ഖാൻ അഭിമുഖത്തിനിടെ പറഞ്ഞു. കഴിഞ്ഞ 70 വർഷമായി നല്ല അയൽബന്ധം കാത്ത് സൂക്ഷിക്കാൻ പറ്റുന്നില്ല. മദ്ധ്യസ്ഥ നീക്കത്തിന് ഇന്ത്യ തയ്യാറാകണം. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്ക. കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ ട്രംപിന് മാത്രമേ സാധിക്കുകയുള്ളു.'- ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ പ്രശ്‌നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സഹായം അഭ്യർത്ഥിച്ചിരുന്നെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് ഇന്ത്യ തള്ളിയിരുന്നു. വിഷയത്തിൽ അമേരിക്കയുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു.

അതേസമയം 'പാകിസ്ഥാനിൽ 40 തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. '9/11 ആക്രമണത്തിന് പാകിസ്ഥാന് പങ്കില്ല. അൽഖ്വയ്ദ അഫ്ഗാനിസ്ഥാനെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പാകിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ ഇല്ല. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ രാജ്യം പങ്കുചേരും. അമേരിക്കയിൽ നിന്ന് സത്യങ്ങൾ മറച്ചുവച്ചതിൽ പാകിസ്ഥാൻ സർക്കാർ ഖേദിക്കുന്നു'.- ക്യാപിറ്റോൾ ഹില്ലിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.