തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വൈപ്പിൻ കോളജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ മാർച്ചിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കാനം പ്രതികരിക്കാൻ തയ്യാറാകാത്തതിലാണ് ചെന്നിത്തലയുടെ വിമർശനം.
കാനത്തിന്റെ നിലപാട് അപഹാസ്യമാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചോദിച്ചു. "കയറൂരിവിട്ട പൊലീസാണ് കേരളത്തിലുള്ളത്. ഭരണകക്ഷി എം.എൽ.എയുടെ കൈ അടിച്ചൊടിക്കുന്നു. ഭരണപക്ഷ സെക്രട്ടറിയുടെ തലയടിച്ചു പൊട്ടിക്കുന്നു. ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പൊലീസായി കേരളാ പൊലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയാണെന്നും" ചെന്നിത്തല ആരോപിച്ചു.
വൈപ്പിൻ ഗവൺമെന്റ് കോളജിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ എസ്.എഫ്.ഐ നേതാക്കൾ തടഞ്ഞിരുന്നു. ഇതിനെതിരെ ഞാറയ്ക്കൽ സി.ഐ നടപടി സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു സി.പി.ഐ മാർച്ച് നടത്തിയത്.