തിരുവനന്തപുരം : കുറച്ച് നാളായി കർണാടകയിൽ തുടർന്ന് കൊണ്ടിരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ജനതാദൾ സഖ്യസർക്കാർ ഇന്നലെ വൈകിട്ട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഈ സംഭവത്തിൽ കേരളത്തിലും വിവിധ പാർട്ടിയിലെ നേതാക്കൾ രാഷ്ട്രീയ സംവാദം നടത്തുകയാണ്. കോടികൾ ഒഴുക്കി ഭരണകക്ഷിയിലെ എം.എൽ.എമാരെ പ്രതിപക്ഷമായ ബി.ജെ.പി ചാക്കിട്ടു പിടിച്ചാണ് സർക്കാരിനെ അട്ടിമറിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒരു സ്വകാര്യ ചാനലിൽ സംഘടിപ്പിച്ച സംവാദത്തിനിടയിൽ കോടികൾക്ക് അപ്പുറത്തെ കോടികളും സ്വപ്ന കാണാനാവാത്ത പദവികളും ലഭിച്ചാൽ ആരാണ് കൂറുമാറാത്തതെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു. എന്നാൽ ഇതിന് മറുപടിയായി ബി.ജെ.പി നേതാവ് ഒരു മറുചോദ്യമാണ് കൊടിക്കുന്നിലിന് നേരെ ഉതിർത്തത്. എത്ര കിട്ടിയാൽ കൊടിക്കുന്നിൽ കൂറുമാറും എന്നതായിരുന്നു ആ ചോദ്യം. കോൺഗ്രസ് നേതാവിനോട് ഇക്കാര്യം ചോദിക്കാൻ പരസ്യമായി കെ.സുരേന്ദ്രൻ വാർത്താ അവതാരകനോട് ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്.