ck-shasheendran

വയനാട്: രാഷ്ട്രീയ ജീവിതമെന്നാൽ 'വെറും' സേവനം മാത്രമാണ് കൽപറ്റ എം.എൽ.എയും വയനാട് സി.പി.എം മുൻ ജില്ലാ സെക്രട്ടറിയുമായ സി.കെ ശശീന്ദ്രൻ. പൊലീസ് സുരക്ഷയോടും വാഹന അകമ്പടിയോടും കൂടെ മാത്രം പുറത്തിറങ്ങുന്ന എം.എൽ.എമാരും മന്ത്രിമാരും ഉള്ള ഈ സംസ്ഥാനത്ത് ലളിതവും സാധാരണവും ആയ ജീവിതം നയിക്കുന്നതിലൂടെ ഏവരുടെയും ബഹുമാനവും ആദരവും സ്നേഹവും പിടിച്ചുപറ്റിയ ചരിത്രമാണ് ഈ എം.എൽയ്ക്കുള്ളത്.

ഇത്തരത്തിൽ ശശീന്ദ്രന്റെ ലളിത ജീവിതത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടാവുന്ന ഏതാനും ചിത്രങ്ങളാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അന്നത്തെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ച ശേഷം, കാലിൽ ചെരുപ്പ് പോലുമിടാതെ വീട്ടിലേക്ക് അരിയുമായി എത്തുന്ന ശശീന്ദ്രന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ജനം ഏറ്റെടുത്തത്. കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകനായ ഷഫീക്ക് താമരശ്ശേരിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

കൃഷിയിലൂടെയും കന്നുകാലി വളർത്തലിലൂടെയുമാണ് ശശീന്ദ്രൻ എം.എൽ.എ തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള വക നേടുന്നത്. സിറ്റിംഗ് എം.എൽ.എ യു.ഡി.എഫിന്റെ എം.വി ശ്രേയാംസ് കുമാറിനെ പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് മലർത്തിയടിച്ചാണ് സി.കെ. ശശീന്ദ്രൻ കൽപ്പറ്റയിലെ സി.പി.എം എം.എൽ.എ ആയി മാറുന്നത്. സത്യപ്രതിജ്ഞയ്ക്കായി കെ.എസ്.ആർ.ടി.സി ബസിൽ കയറി തിരുവനന്തപുരത്തേക്ക് എത്തിയത് ശശീന്ദ്രൻ എം.എൽ.എയുടെ ലളിത ജീവിതത്തിന്റെ മറ്റൊരു ഉദാഹരണം മാത്രം.