ഡെയിലി കമ്യൂട്ടർ ശ്രേണിയിൽ ഹീറോ ഹോണ്ടയുടെ സ്‌പ്ലെണ്ടറിനെ വെല്ലാൻ മറ്റൊരു വാഹനവും ഇന്ത്യൻ വിപണിയിൽ ജന്മമെടുത്തിട്ടില്ലെന്നത് എതിരാളികൾ പോലും സമ്മതിക്കുന്ന സത്യമാണ്. 100 സിസി ബൈക്കും അതിലൊരു പൂജാ ഭട്ടും വേണമെന്ന് പാടിയിരുന്ന ഇന്ത്യൻ യുവത്വത്തിന്റെ തനി പ്രതീകമായിരുന്നു ഹീറോയുടെയും ഹോണ്ടയുടെയും ഹിറ്റ് കൂട്ടുകെട്ടിൽ പിറന്ന സ്‌പ്ലെണ്ടർ. ഇതിനെ മറികടക്കാൻ മറ്റ് വാഹന നിർമാതാക്കളും നിരവധി മോഡലുകൾ ഇന്ത്യൻ നിരത്തുകളിലേക്ക് ഇറക്കി. ബജാജ് മോട്ടോഴ്സ് ആയിരുന്നു ഇതിൽ മുൻപന്തിയിൽ സി.ടി 100, ഡിസ്‌കവർ, പ്ലാറ്റിന തുടങ്ങി നിരവധി മോഡലുകൾ ബജാജ് മുന്നോട്ട് വച്ചു. ഇതിൽ ഇന്ത്യൻ നിരത്തുകൾ ഏറ്റെടുത്ത ഒരു വണ്ടിയാണ് സി.ടി 100. ആകർശിപ്പിക്കുന്ന വിലക്കുറവും അതിശയിപ്പിക്കുന്ന മൈലേജും കൊണ്ട് ഈ വാഹനം ഇന്ത്യൻ നിരത്തുകളിൽ നിറയാൻ തുടങ്ങി.
എന്നാൽ മൈലേജിനോടുള്ള അത്യാർത്തി കാരണം വണ്ടി സ്റ്റാർട്ടാക്കുമ്പോൾ തന്നെ നാലാമത്തെ ഗിയറിലേക്ക് പോകുന്നത് കാരണം ഈ വണ്ടി ഇടയ്‌ക്കിടയ്‌ക്ക് പണി തരാൻ തുടങ്ങി. ഇതിന് പരിഹാരമെന്നോണം പുതിയ എച്ച് ഗിയറുമായിട്ടാണ് (ഹനുമാൻ ഹിയറല്ല ഹൈവേ ഗിയറെന്ന് ബജാജ്) ഇത്തവണ സി.ടി 110ന്റെ വരവ്. ഹൈവേകളിൽ മാത്രം ഉപയോഗിക്കാൻ വേണ്ടിയാണ് അഞ്ചാമതൊരു ഗിയറെന്ന് പ്രത്യേകമായി ബജാജ് ഓർമിപ്പിക്കുന്നുമുണ്ട്. ഇപ്പോഴിതാ സി.ടി 110ന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 37,997 രൂപയാണ് വാഹനത്തിന്റെ കിക്ക് സ്‌റ്റാർട്ട് വേരിയന്റിന്റെ വില. ഇലക്ട്രിക് സ്‌റ്റാർട്ടർ വേണമെങ്കിൽ 44,480 രൂപ (എക്സ് ഷോറൂം ഡൽഹി) കൊടുക്കണം. റോഡ് ടാക്‌സും ഇൻഷുറൻസും എല്ലാം ചേർത്ത് ഒരു അമ്പതിനായിരത്തിൽ താഴെ രൂപയ്‌ക്ക് വണ്ടി സ്വന്തമാക്കാമെന്നാണ് ഡീലർമാർ പറയുന്നത്. ലിറ്ററിന് 84 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് നൂറ് രൂപയ്‌ക്ക് പെട്രോൾ അടിച്ചാൽ ഏതാണ്ട് 110 കിലോമീറ്ററിലധികം ഓടാമെന്ന് സാരം.