കൊല്ലം : കാലവും സാങ്കേതിക വിദ്യയുമെല്ലാം മാറിയെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള സന്ദേശങ്ങൾ ഇപ്പോഴും കത്തിടപാടിലൂടെയാണ് നടക്കുന്നത്. എന്നാൽ കൊല്ലത്തെ ഒരു വീട്ടമ്മയുടെ പരാതി തനിക്ക് ലഭിക്കുന്ന കത്തുകളെല്ലാം പൊട്ടിച്ച നിലയിലാണ് ലഭിക്കുന്നതെന്നാണ്. കൊടുവിള അഞ്ജു ഭവനത്തിൽ ഡി.കവിതയ്ക്കു ലഭിച്ച കത്തുകളാണ് ഇപ്രകാരം പൊട്ടിച്ച നിലയിൽ ലഭിക്കുന്നത്. ഇത് കൂടാതെ കവിതയുടെ ഭർത്താവിന് ലഭിച്ച കത്തും പൊട്ടിച്ച നിലയിലായിരുന്നു. ഇതേ തുടർന്ന് കാര്യമറിയാനായി വീട്ടമ്മ നേരെ പോയത് കൊടുവിള പോസ്റ്റ് ഓഫീസിലേക്കാണ്. എന്നാൽ അവിടെ നിന്നും ലഭിച്ചത് വിചിത്രമായ മറുപടിയാണ്. വീട്ടമ്മയുടെ വീലാസം ശരിക്കും അറിയുവാനായാണ് കത്ത് പൊട്ടിച്ചതെന്ന് പോസ്റ്റ്മാന്റെ വാദം. വീട്ട് അഡ്രസ് കത്തിലല്ലോ കവറിലല്ലേ സാറേ എന്നൊന്നും ചോദിക്കരുത്.
എന്നാൽ കത്ത് പൊട്ടിച്ച് വായിച്ചതിന്റെ ശരിക്കും കാരണം വീട്ടമ്മയ്‌ക്കൊപ്പം നാട്ടിലെ പലർക്കും അറിയാം. കുറച്ച് നാൾ മുൻപ് നാട്ടിലെ ജനപ്രതിനിധിയുടെ പേരിൽ കവിത ദേശീയ പട്ടികജാതി കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎൽഎ തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് തനിക്ക് വരുന്ന കത്തുകൾ പൊട്ടിച്ച നിലയിൽ ലഭിക്കുവാൻ തുടങ്ങിയതെന്ന് വീട്ടമ്മ പറയുന്നു. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിനായിരുന്നു പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണോ കത്തിലെന്ന് അറിയുവാനാണ് കത്ത് പൊട്ടിച്ചതെന്നാണ് വീട്ടമ്മയുടെ സംശയം. കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിൽ ഇത് സംബന്ധിച്ച് പരാതിയും വീട്ടമ്മ നൽകിയിട്ടുണ്ട്. കത്തിനൊപ്പം കത്തിലെ കാര്യവുമറിയാനുള്ള ശുഷ്‌കാന്തികാണിച്ച ഉദ്യോഗസ്ഥന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.