ലണ്ടൻ: കൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ബോറിസ് ജോൺസൺ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന വാർത്ത പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ ഇന്ത്യൻ ബന്ധത്തെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇന്ത്യയുടെ മരുമകനാണ് താനെന്ന് മുമ്പോരിക്കൽ ബോറിസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അകന്നു കഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണ്.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഖുശ്വന്ത് സിംഗിന്റെ സഹോദര പുത്രിയാണ് മറീന. കഴിഞ്ഞവർഷം ബോറിസ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം രത്തംഭോർ ടൈഗർ റിസർവിൽ എത്തിയിരുന്നു. നിരവധി തവണ ഇന്ത്യ സന്ദർശിച്ച അദ്ദേഹം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലും എത്തിയിരുന്നു.
മുൻ കേന്ദ്രമന്ത്രിയും നിലവിൽ ബി.ജെ.പി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ 2003ലാണ് അദ്ദേഹം കേരളത്തിലെത്തിയത്. മെറീനയുടെ ബന്ധുവായ കബീർ സിംഗിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്.
കന്യാകുമാരിയിലെ തിരുവട്ടൂർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾക്കിടെ ആനയിടഞ്ഞു. എല്ലാവരും ഓടി. ബോറിസ് ജോൺസണ് പരിക്കുകളൊന്നും പറ്റിയിരുന്നില്ല. തിരിച്ച് ബ്രിട്ടനിലെത്തിയപ്പോൾ പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹം ഇക്കാര്യം പത്രത്തിൽ എഴുതിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ബോറിസ് ജോൺസൺ കേരളത്തിലെത്തിയ കാര്യം റിപ്പോർട്ട് ചെയ്തത്.