ഇസ്‌ലാമാബാദ്: പുൽവാമ ഭീകരാക്രമത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്റെ മേൽ കെട്ടിവയ്ക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവർത്തനം പാകിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
"കാശ്മീരിൽ നടന്ന ആക്രമണമാണ് അത്. അവരുടെ സ്വന്തം നാട്ടിൽ നടന്ന ആക്രമണം. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതോടെയാണ് പാകിസ്ഥാൻ ചിത്രത്തിലേക്ക് വരുന്നത്. എന്നാൽ, പാകിസ്ഥാനെ ഇതിൽ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ജെയ്‌ഷെ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ, അവരുടെ സാന്നിധ്യവും പ്രവർത്തനവും കാശ്മീരിലുമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രദേശത്ത് നടന്ന ഒരു ആക്രമണമായി തന്നെ ഇതിനെ കാണണണമെ"ന്നും ഇമ്രാൻ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ ചെറുതും വലുതുമായ 40ാളം ഭീകരസംഘടനകൾ പ്രവർത്തിക്കുന്നതായും ഇമ്രാൻ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടികൾ രാജ്യം സ്വീകരിക്കേണ്ടതുണ്ടെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് സായുധ-തീവ്രവാദ ഗ്രൂപ്പുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുംബയ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയ്യിദ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ഭീകരവാദികൾക്കെതിരായ താക്കീതാണെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു.
ജമ്മു കാശ്മീരിൽ പുൽവാമയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെയാണ് 2019 ഫെബ്രുവരി പതിനാലാം തീയതി തീവ്രവാദികൾ ആക്രമണം നടത്തിയത്. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകകയും ചെയ്തിരുന്നു.