വാഷിംഗ്‌ടൺ: പാകിസ്ഥാനിൽ വച്ച് ആഗോള ഭീകരൻ ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചപ്പോൾ തനിക്ക് നാണക്കേടാണ് തോന്നിയതെന്ന് പറഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബിൻ ലാദനെ വധിക്കുന്ന കാര്യത്തിൽ പാകിസ്ഥാനെ വിശ്വസിക്കാൻ അമേരിക്ക കൂട്ടാക്കിയില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. അമേരിക്കയിൽ യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസിൽ വച്ചാണ് ഇമ്രാൻ ഈ പ്രസ്താവന നടത്തിയത്.
'ഒരു പാകിസ്ഥാനി എന്ന നിലയിലാണ് ഞാൻ ഇക്കാര്യം പറയുന്നത്. പാകിസ്ഥാനിൽ വച്ച് അമേരിക്കൻ സൈനികർ ഒസാമ ബിൻ ലാദനെ വധിച്ചപ്പോഴുണ്ടായത്ര നാണക്കേട് മറ്റൊരിക്കലും എനിക്ക് ഉണ്ടായിട്ടില്ല. ഞങ്ങളുടെ കൂട്ടാളി ആയിരുന്ന ഒരു രാജ്യം ഇക്കാര്യത്തിൽ ഞങ്ങളെ വിശ്വസിക്കാൻ തയാറായില്ല എന്ന് കണ്ടാണ് എനിക്ക് നാണക്കേട് തോന്നിയത്. അങ്ങനെ ഒരു സ്ഥാനത്തേക്ക് വീണ്ടും എത്തപ്പെടാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അതിൽ കാര്യമില്ല. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനേക്കാൾ ധനികനായിരിക്കാം. കൂടെയുള്ള സുഹൃത്ത് അത്ര ധനികൻ ആയിരിക്കില്ല. അന്തസ്സുള്ള ബന്ധത്തിലാണ് കാര്യം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്' അമേരിക്കയെ സൂചിപ്പിച്ച് ഇമ്രാൻ ഖാൻ പറഞ്ഞു.
2011ൽ പാകിസ്ഥാനിലെ അബട്ടാബാദിൽ വച്ച് നടന്ന ആ സംഭവം ഓരോ പാകിസ്ഥാനിക്കും നാണക്കേടാണ് ഉണ്ടാക്കിയതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ലാദനെ വധിക്കാൻ അമേരിക്കയെ സഹായിച്ചത് അമേരിക്കൻ ചാരസംഘടനയായ ഐ.എസ്.ഐ ആയിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ലാദൻ പാകിസ്ഥാനിലുണ്ടെന്നറിഞ്ഞത് അമേരിക്കൻ പട്ടാളക്കാർ അയാളെ വധിച്ചതിന് ശേഷം മാത്രമാണെന്നായിരുന്നു പാകിസ്ഥാൻ ഇതുവരെ പറഞ്ഞിരുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് ഇമ്രാൻ ഖാൻ അമേരിക്കയിൽ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഇമ്രാൻ ഖാൻ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും ദൃഢമായെന്നും പറഞ്ഞു.