kodiyeri-balakrishnan

തിരുവനന്തപുരം: കൊച്ചി ഐ.ജി ഓഫീസ് മാർച്ചിനിടെ സി.പി.ഐ ജില്ലാ സെക്രട്ടറിയെയും എം.എൽ.എയെയും പൊലീസ് മർദ്ദിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സി.പി.ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റത് വലിയ തോതിലുള്ള പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും സി.പി.ഐയുമായും ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്. തർക്കങ്ങളില്ലാത്ത രീതിയിൽ പ്രശ്‌നം പരിഹരിക്കും. ചിലയിടങ്ങളിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇരുപാർട്ടിയിലെയും നേതാക്കളെ വിളിച്ചിരുത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് ഇക്കാര്യങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൽദോ എബ്രഹാം എം.എൽ.എയിൽ നിന്നടക്കം ഇന്ന് മൊഴിയെടുക്കും. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാകും മൊഴി എടുക്കുക. പത്ത് ദിവസത്തിനകം റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പാർട്ടിയുടെ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് ലാത്തിചാർജിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ എറണാകുളം കളക്ടർ എസ്.സുഹാസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സി.പി.ഐ പ്രവർത്തകർ ഇന്നലെ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. പിന്നീട് പ്രവർത്തകരും പൊലീസും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.