kerala-cm

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പി.എസ്‍.സിയെന്നും നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പരാതി ഉന്നയിക്കാം പക്ഷെ പി.എസ്.സിയുടെ വിശ്വാസ്യത തകർക്കരുതെന്നും വിമർശനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവർത്തനമാണ് പി.എസ്‍.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകർക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് പി.എസ്‍.സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി വ്യക്തമാക്കി.

യൂണിവേഴ്‍സിറ്റി കോളേജിലെ രണ്ട് വിദ്യാർത്ഥികൾ അനധികൃതമായി ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിൽ കയറി പറ്റിയെന്നായിരുന്നു ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു. പക്ഷെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പി.എസ്‍.സി പോലെ സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കലാലയത്തിനകത്ത് അക്രമം ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ല എന്നും പക്ഷെ അതിന്റെ പേരിൽ ആ കലാലയത്തെ തകർക്കാൻ ശ്രമിക്കുന്നത് ഒരിക്കലും വച്ചുപൊറുപ്പുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ പ്രവണത ഉണ്ടായാൽ ആ സ്ഥാപനത്തെ ഇല്ലാതാക്കുക എന്ന സമീപനം സ്വീകരിക്കാനാകില്ല. എലിയെ പേടിച്ച് ഇല്ലം ചുടാനാവില്ല. പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനു പകരം, കോളേജിനെ ഇല്ലാതാക്കാനുള്ള ശ്രമം ചില കോണുകളിൽ നിന്ന് ഉയർന്നുവരുന്നത് ഗൗരവമായി കാണണം. ഇത് ഒരു കാരണവശാലും അനുവദിക്കാനാകില്ല- മുഖ്യമന്ത്രി പറഞ്ഞു. ആളുണ്ടെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ ആർക്കും സംഘടനാ പ്രവർത്തനം നടത്താം. അതിനുള്ള അവകാശം സംഘടനകൾക്കുണ്ടെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,​ 37 വകുപ്പുകളിലായി 1,21,000 ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫയലുകൾ തീർപ്പാക്കാൻ അടുത്തമാസം ഒന്നുമുതൽ മൂന്നുമാസത്തെ തീവ്രയത്ന പരിപാടിക്ക് തീരുമാനമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.