ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയാണെന്ന് ഐ.എം.എഫിന്റെ റിപ്പോർട്ട്. എന്നാൽ ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും മുൻ നിശ്ചയിച്ചതിൽ നിന്നും നേരിയ കുറവോട് കൂടിയാകും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെന്നും അന്താരാഷ്ട്ര നാണയ നിധി പറയുന്നു.
ഈ വർഷം ഇന്ത്യ ഏഴ് ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് പറയുന്നത്. മുൻപ്, 7.30 ശതമാനം വളർച്ച ഇന്ത്യ കൈവരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തൊട്ടടുത്ത വർഷമായ 2020ൽ 7.20 ശതമാനം വരെ വളർച്ചാനിരക്ക് ഇന്ത്യ കൈവരിക്കും. അതേസമയം ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് ഈ വർഷം 3.2 ശതമാനവും 2020ൽ 3.5 ശതമാനവും ആയിരിക്കും. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥിന്റെ സാമ്പത്തിക വളർച്ചാ അവലോകന രേഖയിൽ പറയുന്നു.
ഏപ്രിലിൽ നടത്തിയ വളർച്ചാ നിഗമനത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കുറവാണ് പുതിയ വളർച്ചാനിരക്ക്. ലോകത്തിലെ പല രാജ്യങ്ങൾ തമ്മിലായി നടക്കുന്ന വ്യാപാര സംഘർഷങ്ങളും സാങ്കേതിക വിദ്യയുടെ പേരിലുള്ള പ്രശ്നങ്ങളുമാണ് വളർച്ചാ നിരക്കിൽ കുറവ് വരുത്തുന്നത്. ആഭ്യന്തര ഉപഭോഗത്തിൽ കുറവ് സംഭവിച്ചതും ആദ്യ നിഗമനത്തിൽ നിന്നും കുറവ് വരാൻ കാരണമായെന്നും ഐ.എം.എഫ് പറയുന്നു.