ചെന്നൈ: ആൺകുട്ടിയെ ആഗ്രഹിച്ച് ഇരുന്ന തമിഴ്നാട്ടിലെ തിരുവള്ളൂർ നാരായണപുരം ഗ്രാമത്തിലെ ആശോകൻ-ഗൗരി ദമ്പതികൾക്ക് പിറന്നത് പെൺകുട്ടിയായിരുന്നു. നാലാമതും പെൺകുട്ടി ജനിച്ചതിന്റെ അനിഷ്ടം മകൾക്ക് 'വേണ്ടാം' എന്ന് പേരിട്ട് കൊണ്ടായിരുന്നു മാതാപിതാക്കൾ ലോകത്തോട് വിളിച്ച് പറഞ്ഞത്. പേര് കാരണം ഒരുപാട് കളിയാക്കലുകൾക്ക് ഇരയായ അവൾ ഇന്ന് നാടിന് തന്നെ അഭിമാനമാണ്. ജപ്പാനിലെ ഒരു സ്വകാര്യ കമ്പനിയിൽ 22 ലക്ഷം വാർഷിക വരുമാനത്തിൽ ജോലി നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിങ്ങിന് ശേഷമാണ് വേണ്ടാമിന് ഈ ജോലി ലഭിക്കുന്നത്. ജപ്പാൻ ഭാഷയും ഈ മിടുക്കി വശത്താക്കിയിട്ടുണ്ട്. അതോടൊപ്പം തിരുവള്ളൂർ കളക്ടർ മഹേശ്വരി രവി കുമാർ ഈ കൊച്ചുമിടുക്കിയെ പെൺകുട്ടികളുടെ ക്ഷേമത്തിനുള്ള ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുകയാണ്. ഒരുകാലത്ത് സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാതിരുന്നവളെ ഇന്ന് എല്ലാവർക്കും വേണം.
'ഞങ്ങൾ നാലുപേരെയും മാതാപിതാക്കൾ ഒരേപോലെ സ്‌നേഹിക്കുന്നു. എന്റെ ആഗ്രഹപ്രകാരം പഠിപ്പിച്ചു. മുതിർന്നവരുടെ വാക്ക് കേട്ടാണ് അവർ എനിക്ക് ഈ പേരിട്ടത്. നാലാമത് ഒരു ആൺകുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. അവർ ആൺകുട്ടിയെ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ പെൺകുട്ടിയായപ്പോൾ ഒത്തിരി വിഷമിച്ചു. ഒരു ആൺകുട്ടി ഉണ്ടായാൽ നോക്കുന്നതിനേക്കാൾ നന്നായി ഞാൻ അവരെ ശുശ്രൂഷിക്കുമെന്ന് അവർക്ക് മനസിലായി. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ ഈ പേരുകാരണം ഒരുപാട് കളിയാക്കലുകൾ കേട്ടിരുന്നു. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ പേര് മാറ്റാൻ പിതാവ് ശ്രമിച്ചിരുന്നു.എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല. പിതാവിന് അതിന് വേണ്ട നടപടിക്രമങ്ങൾ അറിയില്ലായിരുന്നു'.- വേണ്ടാം പറഞ്ഞു. ഞാൻ എന്റെ പേരിനെ സ്‌നേഹിക്കുന്നു. അത് മാറ്റാൻ ശ്രമിക്കില്ല. അത് എനിക്ക് ഭാഗ്യം കൊണ്ട് തന്നു അവൾ കൂട്ടിച്ചേർത്തു.