amit-shah

ന്യൂഡൽഹി : ബി.ജെ.പിയുടെ 'ഓപ്പറേഷൻ കമൽ' എതിർപാർട്ടിയിലെ നേതാക്കളെ ആരും അറിയാതെ സ്വന്തം പക്ഷത്തിലേക്ക് എത്തിക്കുവാൻ ബി.ജെ.പി ആവിഷ്‌കരിച്ച പദ്ധതിയുടെ ചുരുക്കപ്പേരാണിത്. കോടികൾ നൽകി രാഷ്ട്രീയ പ്രവർത്തകരെ ചാക്കിട്ട് പിടിക്കുന്നതിന്റെ ധാർമ്മികതയെ സമൂഹം ചോദ്യം ചെയ്യുമ്പോഴും ഇക്കാര്യത്തിൽ മൗനം മാത്രമാണ് ബി.ജെ.പിയുടെ മറുപടി. പലകുറി ഓപ്പറേഷൻ കമൽ പ്രയോഗിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലാണ്. എന്നാൽ വിജയിക്കാനായത് കഴിഞ്ഞ ദിവസമാണ്. കോൺഗ്രസ് ദൾ സഖ്യത്തെ വിശ്വാസവോട്ടെടുപ്പിൽ തറപറ്റിച്ചതോടെ സ്വന്തം സർക്കാരുണ്ടാക്കാമെന്ന വിശ്വാസം പുലർത്തുകയാണ് ബി.ജെ.പി.

karnataka

പലകുറി പരാജയപ്പെട്ട് ഓപ്പറേഷൻ കമൽ ഇക്കുറി പൂവണിഞ്ഞതിന് പിന്നിൽ യെദ്യൂരപ്പയുടെ കൈകളാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നില്ല. പഴുതടച്ച ആസൂത്രണം നടന്നത് കർണാടകയിലല്ല ഡൽഹിയിലായിരുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്. അവസാനനിമിഷം വരെ സ്വന്തം കാൽച്ചുവട്ടിലെ സ്വാധീനം നഷ്ടമായത് സംസ്ഥാനത്തെ കോൺഗ്രസ് ദൾ ഭരണകക്ഷിക്ക് മനസിലാവാൻ വൈകിയതും ഇതുകൊണ്ട് തന്നെയാണ്.ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിക്ക് അങ്ങേയറ്റം നിരാശ പകരുന്നതായിരുന്നില്ല. ഭരണം നേടാനായില്ലെങ്കിലും സീറ്റുകൾ അധികം നഷ്ടപ്പെടാതെ പിടിച്ചു നിൽക്കാൻ അവർക്കായിരുന്നു. സ്വതന്ത്ര എം.എൽ.എമാരെയും കൂടെ കർണാടകയിൽ പ്രത്യേകിച്ചുള്ള കുതിരകച്ചവടത്തിലൂടെയും ഭരണം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു യെദ്യൂരപ്പയും സംഘവും. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ആദ്യം ഉയർത്തിയതും ബി.ജെ.പിയായിരുന്നു. എന്നാൽ കണക്ക് കൂട്ടലുകൾ പിഴച്ചത് സഖ്യസർക്കാരിന്റെ രംഗപ്രവേശത്തോടെയായിരുന്നു. പ്രതിപക്ഷം ലോക്സഭ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചേക്കാവുന്ന മഹാസഖ്യത്തിന്റെ പരീക്ഷണം കർണാടകയിലായിരുന്നു,അതിൽ കോൺഗ്രസും മറ്റ് കക്ഷികളും വിജയിക്കുക കൂടി ചെയ്തതോടെയാണ് കർണാടക സർക്കാരിനെ പുറത്താക്കാൻ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കരുക്കൾ നീക്കി തുടങ്ങിയത്. ബീഹാറിലെ മഹാസഖ്യത്തിന്റെ പരാജയത്തിൽ ആശ്വാസം കൊണ്ടിരുന്ന ബി.ജെ.പി മറ്റൊരു തലവേദനയായിരുന്നു കർണാടകയിൽ ഉയർന്നുവന്ന സഖ്യ സർക്കാർ. കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെല്ലാം പങ്കെടുത്തതും ഏറെ ശ്രദ്ധേയമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കർണാടകമോഡൽ ഭരണം എന്ന വാദം കോൺഗ്രസ് ഉയർത്തിയിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കർണാടകമോഡൽ ഭരണസഖ്യം നിലവിൽ വരുമെന്നായിരുന്നു അവർ ഉയർത്തിയ പ്രചാരണം.

karnataka

ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മിന്നും വിജയത്തോടെയാണ് മഹാസഖ്യം അപ്രസക്തമായത്. കർണാടകയിൽ മഹാസഖ്യത്തിന് കാര്യമായൊന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ നേടാനുമായില്ല. കോൺഗ്രസ് അദ്ധ്യക്ഷന്റെ രാജിക്ക് പിന്നാലെ പതിവ് കണ്ണീർ പ്രതിരോധങ്ങളുമായി നേതാക്കൾ കൂടിയതും ബി.ജെ.പി അവസരമാക്കി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ആശീർവാദത്തോടെ വർക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദ കരുക്കൾ നീക്കിയതോടെ ഓപ്പറേഷൻ കമലിന് വീണ്ടും ജീവൻ വച്ചത്. ഇതോടൊപ്പം കാൺഗ്രസ് ജെ.ഡി.എസ് സഖ്യത്തിലെ പൊരുത്തക്കേടുകളും ഓപ്പറേഷൻ കമലിന് വളമായി. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. പിന്നീടും ഏറെനാൾ ബി.ജെ.പി നേതാക്കൾ ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു. എന്നാൽ പഞ്ചാബ്, കർണാടക, മദ്ധ്യപ്രദേശ്,രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം പിടിച്ചതോടെ ഈ മുദ്രാവാക്യം പരസ്യമായി പ്രയോഗിക്കാതിരിക്കാൻ ബി.ജെ.പി ശ്രദ്ധ നൽകി പകരം പ്രവർത്തിയിലൂടെ കോൺഗ്രസിനെ വലിയ സംസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്.