kaumudy-news-headlines

1. പി.എസ്.സി നിയമനങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. പി.എസ്.സി നിയമനങ്ങള്‍ സംബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു. പി.എസ്.സിയില്‍ പുറത്തു നിന്ന് ഇടപെടില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും പരീക്ഷ നടത്തുന്നതും പി.എസ്.സി തന്നെ ആണ്. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം ശ്രമിക്കുന്നു എന്നും പിണറായി


2. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് വലിയ വിവാദമാക്കി. പൊതു വിദ്യാഭ്യാസത്തെ വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള സമീപനം ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ കോളേജുകളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ്. ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്സിറ്റി കോളേജില്‍ വന്നു ചേരുന്നത് എന്നും മുഖ്യമന്ത്രി.
3. ജോസ്.കെ മാണിയും പി.ജെ. ജോസഫും അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗക്കാരുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി എങ്കിലും വിട്ടുവീഴ്ച ഇല്ലെന്ന് ആയിരുന്നു നേതാക്കളുടെ നിലപാട്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്നും യു.ഡി.എഫ് വിട്ടുനില്‍ക്കുക ആയിരുന്നു. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികയാത്ത സാഹചര്യത്തില്‍ ആണ് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിയത്
4. അവസാന മണിക്കൂറില്‍ പി.ജെ. ജോസഫ് അപ്രതീക്ഷിത നീക്കത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉള്ളില്‍ പ്രതിസന്ധി ഉടലെടുത്തത്. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗവും നിലപാടില്‍ ഉറച്ചു നില്‍ക്കുക ആണ് എങ്കില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് തനിച്ചു മത്സരിക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസ് ജില്ലാനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്
5. സി.പി.ഐ കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ, മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ചത് കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസ് എന്ന് കണ്ടെത്തല്‍. ഇവ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ എം.എല്‍.എ പുറത്തുവിട്ടു. പൊലീസ് അക്രമത്തില്‍ കേരള പൊലീസിന് എതിരെ രൂക്ഷവിമര്‍ശനവും ആയി എം.എല്‍.എ എല്‍ദോ എബ്രഹാമും രംഗത്ത്. കേരളത്തിലെ പൊലീസ് പോകുന്നത് നേരായ വഴിക്ക് അല്ല. പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയം. പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വീഴ്ച ഉണ്ടാകുന്നു. സി.പി.ഐ തിരുത്തല്‍ ശക്തമായി തുടരും എന്നും എല്‍ദോയുടെ പ്രതികരണം.
6. സി.പി.ഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവം ദൗര്‍ഭാഗ്യകരം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് വേദനയുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കും. സി.പി.ഐയും ആയുള്ള പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകും എന്നും കോടിയേരി ബാലകൃഷ്ണന്‍
7. അതേസമയം, സി.പി.ഐ നേതാക്കള്‍ക്ക് എതിരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിന് എതിരെ പ്രതികരിക്കാന്‍ തയ്യാറാകാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും എന്ന് ചോദ്യം. കേരളത്തിലുള്ളത്, കയറൂരി വിട്ട പൊലീസ്. ഭരണകക്ഷി എം.എല്‍.എയുടെ കൈ അടിച്ചൊടിക്കുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന പൊലീസായി കേരള പൊലീസ് മാറി എന്നും ചെന്നിത്തല
8. ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചത് ആണെന്നും ഹര്‍ജിയില്‍ ആരോപണം. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല
9. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കേസില്‍ മുംബയ് ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.