കോട്ടയം: കോൺഗ്രസ് വിട്ടുനിന്നതിനാൽ ഇന്ന് നടത്താനിരുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. പി.ജെ ജോസഫ് വിഭാഗവും ജോസ്.കെ മാണി വിഭാഗവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തിയെങ്കിലും അഭിപ്രായ സമന്വയം സാധിച്ചില്ല. അതോടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.
എട്ട് അംഗങ്ങളുള്ള കോൺഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നു. അതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. അതേസമയം നാളെ എന്തുവന്നാലും തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തനിച്ച് മത്സരിക്കണമെന്ന് കോൺഗ്രസ് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ വെവ്വേറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫിൽ പ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ് ഏത് വിഭാഗത്തെ പിന്തുണച്ചാലും മറുപക്ഷം കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ സാധ്യത ഉണ്ട്. മുന്നണിമാറ്റം ഉണ്ടാകാൻ വരെ സാധ്യതയുണ്ട്. വിപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. എന്നാൽ പാർട്ടി ഭരണഘടന അനുസരിച്ച് തീരുമാനമെടുക്കാനായിരുന്നു കിട്ടിയ നിർദേശം.