eldo-abraham

കൊച്ചി: സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചത് താനല്ലെന്ന് എസ്.ഐ വിപിൻദാസ്. ഇന്നലെ റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിലാണ്‌ എം.എൽ.എയുടെ കൈ ഒടിഞ്ഞത്. തന്നെ എസ്.ഐ ആക്രമിക്കുന്നതിന്റെ ഫോട്ടോ എൽദോ എബ്രഹാം പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും പാർട്ടി മാർച്ചിനിടെ താൻ എം.എൽ.എയെ കണ്ടിട്ട് പോലും ഇല്ലെന്നാണ് എസ്.ഐ പറയുന്നത്. സംഘർഷത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും എന്നാൽ താൻ എം.എൽ.എയെ മർദ്ദിക്കുന്നതായി കാണിക്കുന്ന ഫോട്ടോ മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്നും എസ്.ഐ പറഞ്ഞു.

ഇന്നലെ നടന്ന മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എം.എൽ.എയെ വിപിൻദാസ് മർദ്ദിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. നേരത്തെ നിരവധി പേരെ മർദ്ദിച്ച കേസിൽ ആരോപണ വിധേയനായ എസ്.ഐ ആരുടെയോ നിർദ്ദേശ പ്രകാരം എം.എൽ.എയെ മർദ്ദിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. അതിനിടെ കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്‌ക്കല്ല പ്രവർത്തിക്കുന്നതെന്ന് മർദ്ദനത്തിൽ കൈയൊടിഞ്ഞ എൽദോ എബ്രഹാം എം.എൽ.എ പ്രതികരിച്ചു. തിരുത്തൽ ശക്തിയായി തന്നെ സി.പി.ഐ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽദോ എബ്രഹാം എം.എൽ.എയും പരിക്കേറ്റ സി.പി.ഐ ജില്ലാ നേതാക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഘർഷത്തിനിടെ എൽദോയെ തല്ലുന്നത് തടയുന്നതിനിടെ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിദ്ദേശപ്രകാരമായിരുന്നു പൊലീസ് തങ്ങളെ പ്രകോപനം കൂടാതെ ആക്രമിച്ചതെന്ന് പി.രാജു പറഞ്ഞു. ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. കെ.എൻ. സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ അസ്‌ലഫ് പാറേക്കാടന് കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ ഇന്ന് ആശുപത്രി വിടുമെന്നാണ് സി.പി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.