v-muraleedharan

അബുദാബി : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമാവുന്നു, ഇന്ത്യയും ഗൾഫ് രാജ്യമായ യു.എ.ഇയും തമ്മിൽ തടവുകാരെ കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഉടൻ ആരംഭിക്കും. ഇതിൻ പ്രകാരം ഇരുരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ കൈമാറും, അവർക്ക് ശിക്ഷാ കാലാവധിയുടെ ബാക്കി മാതൃരാജ്യത്തെ ജയിലുകളിൽ കഴിഞ്ഞാൽ മതിയാവും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. തടവുകാരുടെ കൈമാറ്റം നിരീക്ഷിക്കുന്നതിനായി സംയുക്ത സമിതി നിലവിൽവരും. ഇന്ത്യയും യു.എ.ഇയും തമ്മിൽ 2011 നവംബർ 23നാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കരാർ ഒപ്പുവച്ചത്. എന്നാൽ രണ്ട് വർഷമെടുത്താണ് ഈ കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകിയത്.

യു.എ.ഇയിൽ 350ഓളം ഇന്ത്യക്കാരായ തടവുകാർ ഈ പദ്ധതി പ്രകാരം നാട്ടിലെ ജയിലിലേക്ക് മാറുവാൻ സമ്മതപത്രം ഒപ്പിട്ട് നൽകിയിരുന്നു. എന്നാൽ ഇതിൽ പലർക്കും പൊതുമാപ്പ് പ്രകാരം ശിക്ഷയിൽ ഇളവ് ലഭിച്ചതോടെ നാട്ടിലേക്ക് തിരികെ എത്താനായി. നൂറിനടുത്ത് തടവുകാർക്ക് ഉടൻ തന്നെ പദ്ധതി പ്രകാരം ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റം ലഭിച്ചേക്കും. ഇന്ത്യയിലെത്തിയാലും ഇവർക്ക് ശിക്ഷ ഇളവ് ലഭിക്കുവാൻ സാദ്ധ്യത കുറവാണ്. എന്നാൽ ജയിലിലാണെങ്കിലും ബന്ധുക്കളടക്കം നാട്ടിലുള്ളവരെ ഒരുനോക്ക് കാണാനാവും എന്ന ആശ്വാസമാണ് ഇവർക്കുള്ളത്. ലോക്സഭയിൽ മറുപടി നൽകവേയാണ് ഇന്ത്യ യു.എ.ഇയും പരസ്പരം തടവുകാരം കൈമാറുന്ന പദ്ധതി ഉടൻ നിലവിൽ വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രസ്താവിച്ചത്.