baby

കൊൽക്കത്ത: ആശുപത്രി അധികൃതർക്കും പൊലീസിനും തലവേദന സൃഷ്ടിച്ച് 21 കാരിയുടെ പ്രസവം. കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരാണ് എത്തിയത്. പ്രസവ വേദനയെത്തുടർന്ന് ശനിയാഴ്ചയാണ് അമ്മയും ഒരു യുവാവും കൂടി യുവതിയെ സൗത്ത് കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഭർത്താവ് എന്ന് പറഞ്ഞ് ആശുപത്രി രേഖകളിൽ ഒപ്പിടുകയും ചെയ്തു.

ഞായറാഴ്ച രാത്രി യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തൊട്ടിപിന്നാലെ കുട്ടിയുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് മറ്റൊരു യുവാവെത്തി. ആദ്യം ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്നയാളും രണ്ടാമതെത്തിയ യുവാവും തമ്മിൽ വഴക്കായി. പ്രശ്നം വഷളായപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.

പൊലീസ് ഭർത്താവാണെന്ന് തെളിയിക്കുന്ന രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. രണ്ടാമത് വന്ന വ്യക്തി വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി. അതോടെ ആദ്യത്തെയാൾ താൻ യുവതിയുടെ സുഹൃത്താണെന്ന് സമ്മതിച്ചു. പ്രശ്നം അവിടെ തീർന്നില്ല. അയാളല്ല തന്റെ മകളുടെ ഭർത്താവെന്ന് യുവതിയുടെ അമ്മ മൊഴി നൽകി. യുവതിക്ക് ബോധം വരാൻ പൊലീസ് ഉൾപ്പെടെ കാത്തിരിക്കുമ്പോഴാണ് അടുത്ത ട്വിസ്റ്റ്.

കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് മൂന്നാമതൊരാൾ കൂടി വന്നു. രണ്ടാമത് എത്തിയ യുവാവാണ് തന്റെ ഭർത്താവെന്ന് യുവതി മൊഴി നൽകിയതോടെ പ്രശ്നം തീർന്നു.' വിവാഹം വീട്ടുകാർ എതിർത്തിരുന്നു. ഗർഭിണിയായതോടെ എന്നെ വിവാഹം കഴിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ സമയം വേണമെന്ന് പറഞ്ഞതോടെ ബലാത്സംഗത്തിന് പരാതി നൽകി. ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം ഏപ്രിലിൽ വിവാഹം കഴിക്കുകയായിരുന്നെന്നും. അതേസമയം വീട്ടുകാർ ബന്ധം അംഗീകരിക്കാത്തതിനാൽ താമസം വേറെയായിരുന്നു'- യുവതി പറഞ്ഞു