sfi-sivarenjith

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെ പൊലീസ് റാങ്കിലും സംശയം ബലപ്പെട്ടു. അക്കാഡമിക് വിഷയങ്ങളിൽ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകൾ. ക്ലാസിൽ കയറാതെ കറങ്ങി നടന്നിരുന്ന ശിവരഞ്ജിത്ത് ഇൻവിജിലേറ്റർമാരെ പറ്റിക്കാൻ പരീക്ഷാഹാളിൽ നടത്തിയ കാട്ടിക്കൂട്ടലുകളാണ് ഉത്തരക്കടലാസിൽ പ്രേമലേഖനവും സിനിമാപാട്ടുമായി തെളിഞ്ഞത്. ഇൻവിജലേറ്റർ അറിഞ്ഞോ അറിയാതെയോ വേറെ ബുക്ക് ലറ്റിൽ ഉത്തരമെഴുതി നൽകിയശേഷം തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ച സിനിമാപാട്ടും പ്രേമലേഖനവുമെഴുതിയ ഷീറ്റുകൾ കുത്തുകേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ കണ്ണിൽപ്പെട്ടതാണ് ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളലേക്ക് വിരൽ ചൂണ്ടുന്ന തെളിവായത്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ പേരിലുള്ള വ്യാജസീൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതും സുഹൃത്തുക്കളായ പ്രണവും നസിമും പി.എസ്.സി പട്ടികയിൽ ഒന്നും രണ്ടും റാങ്കുകാരായി എത്തിയതും വീണ്ടും ചർച്ചയാകുന്നത് ഇതുകൊണ്ടാണ്.

ആയുർവേദ കോളേജിന് സമീപത്തെ പരിശീലന കേന്ദ്രത്തിൽ കോച്ചിംഗിന് പോയിരുന്നതായി ശിവരഞ്ജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും സാധാരണ പി.എസ്.സി പരിശീലനങ്ങൾക്ക് പോകുന്ന ഉദ്യോഗാർത്ഥികളുടെ വീടുകളിൽ കാണപ്പെടാറുള്ള പരിശീലന പുസ്തകങ്ങളോ , മോഡൽ ചോദ്യങ്ങളോ ഒന്നും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസിന് കണ്ടെത്താനായില്ല. ശിവരഞ്ജിത്തിനൊപ്പം റാങ്ക് ലിസ്റ്റിലുൾപ്പെട്ട നസിമും പ്രണവും കോളേജിലെ കമ്പയിൻ സ്റ്റഡിയിലൂടെയാണ് തങ്ങൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മൂവർ സംഘം റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത് തുടക്കം മുതൽ സംശയങ്ങൾക്കും ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങൾക്കും ഇടയാക്കിയെങ്കിലും ഇക്കാര്യത്തിൽ യാതൊരുവിധ അന്വേഷണവും പൊലീസോ മറ്റ് ഏജൻസികളോ നടത്തിയിട്ടില്ല.

കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ വെയിറ്റേജ് മാർക്കിനായി ശിവരഞ്ജിത്ത് സമർപ്പിച്ച സ്‌പോർട്സ് സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതാണ്. സർട്ടിഫിക്കറ്റുകൾ കൃത്രിമമായതിനാലാകാം ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ നിർമ്മിക്കേണ്ടിവന്നത്. ശിവരഞ്ജിത്തിന് ഇത്തരം കുറുക്കുവഴികൾ ഉപദേശിച്ച് നൽകിയവരെയും സീൽ നിർമ്മിച്ചവരെയും മറ്ര് സഹായങ്ങൾ ചെയ്തവരെയും കണ്ടെത്തിയാലേ ഇതിലെ നിഗൂഢതകൾ പുറത്തുവരൂ. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. പരീക്ഷാ ക്രമക്കേടുകളുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ പി.എസ്.സി വിജിലൻസും ശ്രമിച്ചിട്ടില്ല. ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയ കന്റോൺമെന്റ് പൊലീസ് കേസെടുത്തതല്ലാതെ ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കാൻ ഇപ്പോഴും കൂട്ടാക്കിയിട്ടില്ല. യൂണവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങൾ പാർട്ടിയേയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സി യുടെ പരീക്ഷാനടത്തിപ്പിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലുമുള്ള അപാകതകൾ കൂടി പുറത്തുവരുന്നത് സർക്കാരിന് താങ്ങാനാകാത്ത പ്രഹരമാകും. ക്രിമിനൽ കേസിലുൾപ്പെട്ടതിനാൽ ശിവരഞ്ജിത്തിനെയും നസിമിനെയും അയോഗ്യരാക്കുമെന്ന് പി.എസ്.സി ചെയർമാൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാതെ വിവാദങ്ങൾക്ക് വിരാമമിടാനാണ് സർക്കാർ നീക്കമെന്നും സംശയമുണ്ട്. പി.എസ്.സി പരീക്ഷകാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ക്രമക്കേടുകൾ പുറത്തുവരികയും ചെയ്താൽ അത് സർക്കാരിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുമെന്ന ഭയമാകാം ഇതിന് പിന്നിൽ.