തൃശൂർ: റിട്ട.അദ്ധ്യാപകനെ പത്തോളം പേർ കൂട്ടം ചേർന്ന് മർദ്ദിച്ചു. വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്തതിനാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. പരിക്കുകളോടെ എളവള്ളി വാകയിൽ കുന്നത്തുള്ളി സുഗുണനെ (78) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഗുണന്റെ കയ്യൊടിഞ്ഞതിനു പുറമെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
റിട്ട. അദ്ധ്യാപകന്റെ വീട്ടുവളപ്പിലെ മതിലിന്റെ ഒരുഭാഗം ആരോ രാത്രിയിൽ പൊളിച്ചിരുന്നു. അയൽവാസികളായ ചിലർ സംഘം ചേർന്നു പൊളിച്ചെന്നായിരുന്നു സുഗുണന്റെ സംശയം. മതിലിനോടു ചേർന്നു റോഡരികിൽ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് ഇക്കാര്യം സുഗുണൻ ചോദിച്ചതാണ് പ്രകോപനത്തിനു കാരണമായതെന്ന് സംശയിക്കുന്നു.
സംഭാഷണം ആദ്യം സമാധാനപരമായിരുന്നെങ്കിലും പിന്നീട് തർക്കത്തിലേക്കെത്തിയതും വിഡിയോയിൽ കാണാം. സുഗുണനെ പത്തോളം പേരടങ്ങുന്ന സംഘം ആക്രോശിക്കുന്നതും ഇതിൽ ചിലർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. സംഭവം കണ്ടുനിന്നവരിലൊരാൾ പകർത്തിയ വിഡിയോ പൊലീസിനു ലഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.