ന്യൂഡൽഹി: ബംഗളൂരുവിൽ നിന്നും മുംബയിലേക്കും സുപ്രീം കോടതിയിലേക്കും നീണ്ട നാടകത്തിനൊടുവിൽ കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലും സമാന തന്ത്രം പയറ്റാനൊരുങ്ങി ബി.ജെ.പി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ 24 മണിക്കൂറിനകം മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തി. തങ്ങൾക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് ബി.ജെ.പി വളഞ്ഞ മാർഗങ്ങളിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്ന കോൺഗ്രസ് ആരോപണത്തിനിടെയാണ് മദ്ധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയുടെ പ്രസ്താവന.
ഉന്നത അധികാരികളായ നമ്പർ വണ്ണിൽ നിന്നോ നമ്പർ ടൂവിൽ നിന്നോ എന്തെങ്കിലും ഉത്തരവ് ലഭിച്ചാൽ മദ്ധ്യപ്രദേശിലെ സർക്കാർ 24 മണിക്കൂറിൽ കൂടി തുടരില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി കമൽനാഥ് നൽകിയത്. നിങ്ങളുടെ നമ്പർ വണ്ണും നമ്പർ ടൂവും ബുദ്ധിയുള്ളവരാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവ് അവർ നൽകാത്തതെന്നുമാണ് കമൽനാഥിന്റെ മറുപടി. നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായ നാലാം ടേം പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാനെ അട്ടിമറിച്ചാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ആകെയുള്ള 230 സീറ്റിൽ 114 നേടി കോൺഗ്രസ് വലിയ കക്ഷിയായപ്പോൾ ബി.ജെ.പിക്ക് 109 സീറ്റേ കിട്ടിയുള്ളൂ. രണ്ട് ബി.എസ്.പി അംഗങ്ങളുടെയും ഒരു എസ്.പി അംഗത്തിന്റെയും പിന്തുണയോടെ 116 എന്ന നമ്പർ തികച്ച് കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു. എന്നാൽ കർണാടക മാതൃകയിൽ കോൺഗ്രസ് എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി നടത്തിയേക്കുമെന്നാണ് സൂചന. കോൺഗ്രസ് എം.എൽ.എമാർ അസ്വസ്ഥരാണെന്നും അവർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും നേരത്ത ബി.ജെ.പി നേതാക്കന്മാർ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ കുതിരക്കച്ചവടത്തിന് ബി.ജെ.പി മുതിരില്ലെന്നാണ് ഭാർവയുടെ പക്ഷം.
മദ്ധ്യപ്രദേശ് നിയമസഭ കക്ഷിനില
ആകെ സീറ്റ് : 230
കോൺഗ്രസ് : 114
ബി.ജെ.പി : 109
ബി.എസ്.പി : 2
എസ്.പി : 1
സ്വതന്ത്രർ : 4