eldo-abraham-

കൊച്ചി: പൊലീസിനെ നിലയ്ക്ക് നിറുത്തേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന് എൽദോ എബ്രഹാം എം.എൽ.എ. ഒന്നിന് പിറകെ ഒന്നായി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പൊലീസ്. ഇടത് സർക്കാരിന്റെ മറ്റ് വകുപ്പുകൾ മികച്ച് നിൽക്കുമ്പോൾ പേരുദോഷത്തിൽ മുങ്ങുന്നത് ആഭ്യന്തര വകുപ്പ് മാത്രമാണ്. കൊച്ചിയിൽ പൊലീസ് ലാത്തിച്ചാർജിൽ കൈയ്ക്ക് പൊട്ടലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം 'ഫ്ലാഷി'നോട് സംസാരിക്കുന്നു:

കയറൂരി വിട്ട അവസ്ഥ

പൊലീസ് വരുത്തിവച്ച വീഴ്ചകൾ മാത്രമാണ് സർക്കാരിന് പൊതു സമൂഹത്തിന് മുന്നിൽ അവമതിപ്പുള്ളതായി തീർത്തത്. ഈ രീതി ശരിയല്ല. സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട അവസ്ഥയാണ്. ഒരു കടിഞ്ഞാൺ ആവശ്യമാണ്. ഇപ്പോഴത് ചെയ്തില്ലെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തും. സി.പി.ഐ മാർച്ചിനിടെ ഉണ്ടായ പൊലീസ് മർദ്ദനം മാത്രം ഉയർത്തിയല്ല ഇത് പറയുന്നത്. ഈ അടുത്തിടെ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ അത് മനസിലാകും.

തെറ്റ് കണ്ടാൽ ചോദ്യം ചെയ്യും

സമരം നടത്തുന്നത് കൊടിയുടെ നിറം നോക്കിയല്ല. ഭരണത്തിന്റെ ഭാഗമാണെന്ന കാരണത്താൽ സമരം ചെയ്യരുതെന്ന് ഒരു നിർദ്ദേശവുമില്ല. തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടാൻ സി.പി.ഐക്ക് മടിയില്ല. നല്ലൊരു സംഘടനയാണെങ്കിൽ തെറ്റ് കണ്ടാൽ ചോദ്യം ചെയ്തിരിക്കും. അതുകൊണ്ട് തന്നെയാണ് താനും സമരമുഖത്ത് മുൻപന്തിയിലുണ്ടായിരുന്നത്. സി.പി.ഐ ഒരു തിരുത്തൽ ശക്തിയായി തുടരും.
സമരങ്ങൾ അക്രമാവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് പൊലീസ് പലപ്പോഴും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരുപക്ഷേ, ക്രമസമാധാനം താളം തെറ്റും. പൊലീസിന്റെ ഈ രീതിയോട് വിയോജിപ്പില്ല. എന്നാൽ, കഴിഞ്ഞ ദിവസം സി.പി.ഐയുടെ ഐ.ജി ഓഫീസ് മാർച്ചിന് നേരെ നടത്തിയ ലാത്തിച്ചാർജ് അനാവശ്യമായിരുന്നു. സമാധാനപരമായാണ് തങ്ങൾ മാർച്ച് നടത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചു. അത് തള്ളിക്കളയുന്നില്ല. അതിനുശേഷം തീർത്തും സമാധാനത്തോടെയാണ് സമരം നടന്നത്. ഈ ഘട്ടത്തിലാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. എം.എൽ.എയ്ക്ക് പരിക്കേറ്റു എന്നതല്ല. സമര മുഖത്തുണ്ടായിരുന്ന നിരവധിപ്പേർക്കാണ് പരിക്കേറ്റത്. പൊലീസ് കരുതിക്കൂട്ടി എത്തിയെന്ന് വേണം കരുതാൻ.

പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നവ
സി.പി.ഐയും സി.പി.എമ്മും തമ്മിൽ വലിയ പ്രശ്‌നങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഹരിക്കാൻ പിന്നീട് സാധിച്ചിട്ടുമുണ്ട്. അതെല്ലാം വച്ച് നോക്കുമ്പോൾ നിലവിലെ പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്. ഐ.ജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്നും തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇത് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേസമയം, പൊലീസ് മർദ്ദനം ഉയർത്തിക്കാട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. ആ വാക്കുകൾ കേട്ടാൽ മനസിലാകും, അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതെന്ന്.

കളക്ടറും അമ്പരന്നു
മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ഇന്നലെ വന്നു കണ്ടിരുന്നു. സമരവും പിന്നീടുണ്ടായ ലാത്തിച്ചാർജുമെല്ലാമാണ് അദ്ദേഹം ചോദിച്ചു മനസിലാക്കിയത്. തന്നെയും പാർട്ടി പ്രവർത്തകരെയും മർദ്ദിക്കുന്ന ദൃശ്യങ്ങളും ഈ സമയം കളക്ടർക്ക് കൈമാറിയിരുന്നു. പൊലീസിന് ഇങ്ങനെ ചെയ്യാനാകുമോയെന്ന ഭീതിയോടെയുള്ള മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. കളക്ടർ പോലും ഭയന്നു. അത്ര ക്രൂരമായാണ് പൊലീസ് സമരത്തെ നേരിട്ടത്. കളക്ടറുടെ റിപ്പോർട്ട് സേനയിൽ ശുദ്ധികലശത്തിന് വഴിമരുന്നാകുമെന്നാണ് പ്രതീക്ഷ.