car

കാലിഫോർണിയ: അഭ്യൂഹങ്ങൾക്ക് വിട! ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഒരുക്കുന്ന ഡ്രൈവർ ഇല്ലാ കാർ അഥവാ സെൽഫ് ഡ്രൈവിംഗ് കാർ വിപണിയിൽ വരികതന്നെ ചെയ്യും! 'പ്രൊജക്‌ട് ടൈറ്റൻ" എന്ന് ആപ്പിൾ പേരിട്ട ഡ്രൈവർ ഇല്ലാ കാർ പദ്ധതി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചുവെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, പദ്ധതിയുമായി ആപ്പിൾ മുന്നോട്ടു തന്നെയെന്ന് വ്യക്തമാക്കുന്ന സൂചനകൾ കഴിഞ്ഞദിവസം പുറത്തുവന്നു.

പ്രമുഖ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് സ്‌റ്രീവ് മക്മാനസിനെ സീനിയർ ഡയറക്‌ടർ ആയി ആപ്പിൾ നിയമിച്ചതോടെയാണ് പ്രൊജക്‌ട് ടൈറ്റൻ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനകൾ പുറത്തുവന്നത്. ടെസ്‌ല ഓട്ടോമൊബൈൽസിൽ ഇന്റീരിയർ ആന്റ് എക്‌‌സ്‌റ്റീരിയർ എൻജിനിയറിംഗിന്റെ ചുമതലയുണ്ടായിരുന്ന മക്മാനസ്, ടെസ്‌ലയിൽ നിന്ന് ആപ്പിളിലേക്ക് ഈവർഷം ചേക്കേറുന്ന മൂന്നാമത്തെ ആളാണ്. ടെസ്‌ലയിൽ ചേരുംമുമ്പ് ആസ്‌റ്റൺ മാർട്ടിനിലും ബെന്റ്‌ലി മോട്ടോഴ്‌സിലും മക്മാനസ് പ്രവർത്തിച്ചിരുന്നു.